
ഭക്ഷണത്തിന് രുചി നൽകാൻ കറിവേപ്പില അത്യാവശ്യമാണ്. ഇതിനൊപ്പം ആരോഗത്തിനും കറിവേപ്പില ഏറെ നന്നെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കറികളിൽ ഉള്ള വിഷാംശത്തെ വലിച്ചെടുക്കാനും ഇതിന് കഴിയുമത്രേ. ഇത്രയും ഗുണങ്ങളൊക്കെയുണ്ടെങ്കിലും വാസ്തുശാസ്ത്രം പറയുന്നത് കറിവേപ്പിനെ വീടിന്റെ സമീപത്ത് അടുപ്പിക്കാൻ കൊള്ളില്ലെന്നാണ്. അങ്ങനെ ചെയ്താൽ ദോഷങ്ങൾ മാത്രമാവും ഉണ്ടാവുക. ചില പ്രത്യേക ദിക്കുകളിൽ മാത്രമാണ് ഇത് നട്ടുവളർത്തേണ്ടത്.
ഒരിക്കലും വീടിനോട് ചേർന്ന് കറിവേപ്പ് നട്ടുവളർത്തരുത്. വീടിനോട് ചേർന്ന് മതിൽ കെട്ടിയിട്ടുണ്ടെങ്കിൽ അതിന് പുറത്തുവേണം നടാൻ. കുറച്ചുസ്ഥലം മാത്രമാണ് ഉള്ളതെങ്കിൽ അതിർത്തിയോട് ചേർത്ത് നടാവുന്നതാണ്.
പാടില്ലാത്ത ദിക്കുകൾ
വടക്ക്-കിഴക്ക് മൂലയിൽ ഒരിക്കലും കറിവേപ്പ് നടരുത്. കിണർ ഉൾപ്പടെ ജലവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് ഈ ദിക്ക് ഉപയോഗിക്കേണ്ടത്. ഇങ്ങനെചെയ്താൽ വീടിനും വീട്ടുകാർക്കും ഐശ്വര്യം മാത്രമായിരിക്കും ലഭിക്കുക. എന്നാൽ ഈ ദിക്കിൽ കറിവേപ്പ് നട്ടാൽ ദോഷങ്ങളുടെ ഘോഷയാത്രയായിരിക്കും ഉണ്ടാവുക.
തെക്ക്- പടിഞ്ഞാറ്
വീടിന്റെ ഏറ്റവും പ്രധാന ദിക്കാണ് കന്നിമൂല എന്നറിയപ്പെടുന്ന തെക്ക് പടിഞ്ഞാറ് ദിക്ക്. ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട ഇവിടെ മഞ്ഞ നിറമുള്ള പൂക്കളുണ്ടാകുന്ന ചെടികൾ വേണം നടേണ്ടത്. ഇവിടെയും കറിവേപ്പിന് സ്ഥാനമില്ല. ഇതിനൊപ്പം തെക്ക്-കിഴക്ക് ദിക്കിലും കറിവേപ്പ് പാടില്ല.
ഉത്തമമായത്
വീടിന്റെ പടിഞ്ഞാറ് ഭാഗത്താണ് കറിവേപ്പ് നടാൻ ഏറ്റവും ഉത്തമം. എന്നാൽ ഇവിടെ നടുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. അതിർത്തിയോട് ചേർന്ന് മാത്രമേ ഇവിടെയും കറിവേപ്പ് നടാവൂ. അല്ലാതെ ചെയ്താൽ ദോഷങ്ങളുണ്ടാവാൻ സാദ്ധ്യതയുണ്ട്.
ശ്രദ്ധിക്കാനുള്ള കാര്യങ്ങൾ
യോജിച്ച ദിക്കിലാണ് കറിവേപ്പ് നടുന്നതെങ്കിലും പൂവിടാൻ അനുവദിക്കരുത്. മൊട്ട് വരുന്നത് കണ്ടാൽ ഉടൻ അത് ഒടിച്ചുകളയണം. ഒരുകാരണവശാലും പൂക്കാനോ കായ്ക്കാനോ അനുവദിക്കരുത്. പൂക്കാൻ അനുവദിച്ചാൽ ദുരിതങ്ങൾ വിട്ടൊഴിയില്ല. പൂമൊട്ടുകൾ ഒടിച്ചുകളയുന്നത് ധാരാളം ഇലകളോടെ കറിവേപ്പില കുറ്റിയായി വളരാൻ ഇടയാക്കും.
ഒരിക്കലും കറിവേപ്പില ആരുടെയും കൈയിൽ നേരിട്ട് കൊടുക്കരുത്. അങ്ങനെ ചെയ്താൽ അവരുമായി നിത്യവും കലഹമായിരിക്കും ഫലം. ഒടുവിൽ ആ ബന്ധംതന്നെ എന്നെന്നേക്കുമായി അവസാനിപ്പിക്കേണ്ടിയും വന്നേക്കാം.