minister

കോട്ടയം: നവകേരള ബസിനേക്കാൾ സൗകര്യമുള്ളത് ശബരിമല തീർത്ഥാടകർക്കായി നിലയ്‌ക്കൽ - പമ്പ റൂട്ടിൽ ചെയിൻ സർവീസ് നടക്കുന്ന കെഎസ്‌ആർടിസി ബസുകളാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ശബരിമലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടതായും കോടതി നിർദേശപ്രകാരം ഭക്തരുടെ എണ്ണത്തിൽ നിയന്ത്രണം വരുത്തിയതായും ദേവസ്വം മന്ത്രി അറിയിച്ചു. നവകേരള സദസിൽ നിന്ന് കെഎസ്‌ആർടിസി ബസിൽ തീർത്ഥാടകർക്കൊപ്പം സഞ്ചരിക്കവെയാണ് മന്ത്രി പ്രതികരിച്ചത്.

'നവകേരള സദസിന്റെ ഭാഗമായി നവംബർ 18 മുതൽ കെഎസ്‌ആർടിസിയിൽ ആണല്ലോ യാത്ര. ആ ബസും ശബരിമലയിലേയ്‌ക്കുള്ള ബസുകളും താരതമ്യം ചെയ്താൽ ഇതാണ് നല്ലതെന്ന് തോന്നുന്നു. നവകേരള ബസ് ആഡംബരമാണെന്നൊക്കെ മാദ്ധ്യമങ്ങൾ പറഞ്ഞ് പരത്തുന്നതാണ്. എന്നാൽ ആ ബസിനുള്ളിൽ ഇതുപോലെ നിൽക്കാനാവില്ല.'- കെ രാധാകൃഷ്ണൻ പറഞ്ഞു.

ശബരിമലയിൽ അവധി ദിവസങ്ങളിലാണ് കുട്ടികൾ ഉൾപ്പെടെയുള്ള ഭക്തർ കൂടുതലായി എത്തുന്നത്. ഇത് കണക്കിലെടുത്ത് കൂടുതൽ സംവിധാനം സജ്ജമാക്കും. കൂടുതൽ ആളുകൾക്ക് പതിനെട്ടാംപടി കയറുന്നതിനായി സംവിധാനം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് തന്ത്രിയും മേൽശാന്തിയുമായും ചർച്ച നടത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാരെ പതിനെട്ടാം പടി കയറ്റുമ്പോൾ പ്രതിസന്ധികളുണ്ടെന്നും ഇത് പരിഹരിക്കാൻ സംവിധാനമുണ്ടാക്കിയിട്ടുണ്ടെന്നും കെ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.