പുതിയ തലമുറയിലെ പെൺകുട്ടികളോടും മില്ലേനിയൽ സ്ത്രീകളോടും വിവാഹത്തെക്കുറിച്ച് ചോദിച്ചാൽ പത്തിൽ ആറുപേരും വിവാഹിതരാകാൻ താത്പര്യമില്ലെന്നായിരിക്കും പറയുക. സ്ത്രീധന കൊലപാതകങ്ങളും പീഡനവാർത്തകളും സ്ത്രീകൾ ഇത്തരത്തിൽ ചിന്തിക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ചുറ്റും കാണുന്ന തകർന്ന വിവാഹങ്ങളും വിവാമോചനങ്ങളും സ്ത്രീകളെ വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നതിൽ പങ്ക് വഹിക്കുന്നു. വിവാഹപ്പേടി പോലെ സ്ത്രീകൾ ഭയക്കുന്ന മറ്റൊന്നാണ് അമ്മയാകുക എന്നത്. എന്തുകൊണ്ടായിരിക്കും സ്ത്രീകൾ മാതൃത്വത്തെ ഭയക്കുന്നത്?
സ്ത്രീകൾ മറ്റുള്ളവരിൽ നിന്ന് കേൾക്കുന്നതും സ്വയം ചിന്തിക്കുന്നതുമായി ചില കാര്യങ്ങളാണ് ഇത്തരം ഭയങ്ങളുടെ മൂലകാരണങ്ങൾ. അവ എന്തൊക്കയാണെന്ന് നോക്കാം.
ഒരു കുഞ്ഞ് ഉണ്ടായി കഴിഞ്ഞാൽ ജീവിതം തീർന്നു: വിവാഹിതരായ പല സ്ത്രീകളും അവിവാഹിതരായ, മാതാവാകാത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും പറയുന്ന വാചകമാണത്. എന്നാലിതിൽ എത്രത്തോളം സത്യമുണ്ടെന്നത് സ്ത്രീകൾ സ്വയം മനസിലാക്കേണ്ട കാര്യമാണ്. ആ ചിന്തയാണോ ഉത്തരവാദിത്തമാണോ നിങ്ങളെ ഭയപ്പെടുത്തുന്നതെന്ന് സ്വയം ചോദിക്കുക. ജീവിതത്തിൽ പല ഉത്തരവാദിത്തങ്ങലും റോളുകളും ഏറ്റെടുക്കേണ്ടതായി വരുമെന്ന് മനസിലാക്കി അതിന് തയ്യാറാണോയെന്ന് സ്വയം ചോദിക്കുക.
കുഞ്ഞില്ലാത്ത ജീവിതം അപൂർണമാണ്: കുഞ്ഞുങ്ങൾ ഇല്ലാത്തവരുടെ ജീവിതവും പൂർണമാണ്. സമൂഹത്തിന്റെ കുറ്റപ്പെടുത്തലുകൾക്ക് ചെവി കൊടുക്കാതെ കുഞ്ഞിനെ പരിപാലിക്കാൻ തയ്യാറാണോയെന്ന് സ്വയം ചിന്തിക്കുക.
കുഞ്ഞുങ്ങൾ ഉണ്ടായി കഴിഞ്ഞാൽ സ്വപ്നങ്ങൾക്ക് പിന്നാലെയുള്ള ഓട്ടം നിർത്തേണ്ടതായി വരും: മാതൃത്വം സ്വപ്നങ്ങൾക്ക് തടസമല്ല. ഇടവേളയെടുക്കേണ്ടി വന്നാലും വീണ്ടും ഓട്ടം തുടരുക.
കുഞ്ഞുങ്ങളായി കഴിഞ്ഞാൽ ഉറക്കത്തോട് ഗുഡ് ബൈ പറയേണ്ടി വരും: കുഞ്ഞുങ്ങളുണ്ടായാലും സ്വന്തം ആരോഗ്യവും സന്തോഷവും ശ്രദ്ധിക്കുക. വിശ്രമിക്കാൻ സമയം കണ്ടെത്തുക. കുഞ്ഞുങ്ങളെ പരിപാലിക്കുന്നത് പങ്കാളിയുടെ കൂടെ ചുമതലയാണെന്ന് മനസിലാക്കുക.
കുഞ്ഞുങ്ങളായി കഴിഞ്ഞാൽ എല്ലാ സ്വാതന്ത്ര്യങ്ങളും അവസാനിക്കും: ജീവിതത്തിൽ മറ്റ് ഉത്തരവാദിത്തങ്ങൾ ആയി കഴിഞ്ഞാലും സ്വന്തം ഇഷ്ടങ്ങൾക്കും ആവശ്യങ്ങൾക്കും മുൻഗണന നൽകണം. സ്വന്തം സ്വാതന്ത്ര്യത്തിന്റെ കടിഞ്ഞാൺ മറ്റുള്ളവരെ ഏൽപ്പിക്കാതിരിക്കുക.
കുഞ്ഞിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും സ്ത്രീകളുടേതായിരിക്കും: കുഞ്ഞ് പങ്കാളിയുടെകൂടെ ഉത്തരവാദിത്തമാണെന്ന് മനസിലാക്കുക. വളർത്തുന്നതിലും പരിപാലിക്കുന്നതിലും രണ്ടുപേരുടെയും പങ്ക് ഉണ്ടായിരിക്കണം.