k

91ാമത് ശിവഗിരി തീർത്ഥാടന മഹാമഹം
ഇന്നു മുതൽ 2024 ജനുവരി 5 വരെ

ശ്രീനാരായണ ഗുരുദേവൻ സത്യസങ്കല്പധനനായ മഹാഗുരുവാണ്. യുഗപുരുഷനായ മഹാഗുരുവിന്റെ അന്തരാത്മാവിൽ വിരിഞ്ഞ സങ്കല്പങ്ങളെല്ലാം തന്നെ സാഫല്യമടയാതിരിക്കില്ല. സത്യത്തിൽ പ്രതിഷ്ഠ വന്ന ഒരു ബ്രഹ്മനിഷ്ഠന്റെ സങ്കല്പങ്ങൾ ഫലവത്താകുമെന്ന് യോഗാദർശനവും ഉപദേശിക്കുന്നുണ്ട്. ഗുരുദേവന്റെ ആദ്യ സന്ദേശമായ അരുവിപ്പുറം സന്ദേശത്തിൽ ജാതിഭേദമോ മതദ്വേഷമോ വിഭാഗീയ ചിന്താഗതികളോ ഒന്നും ഇല്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാലോകത്തെ ഗുരുദേവൻ പ്രഖ്യാപിക്കുന്നു. പിന്നീട് 1924-ൽ ആലുവയിൽ വച്ച് സർവ്വമത സമ്മേളനം നടത്തുമ്പോഴും 1928ൽ ശിവഗിരി തീർത്ഥാടന മഹാമഹം പ്രഖ്യാപനം ചെയ്യുമ്പോഴും ഈ സമന്വയ ദർശനം അഥവാ ഏകത്വ ദർശനത്തെ ഗുരുദേവൻ ലക്ഷീകരിക്കുന്നുണ്ട്. ഗുരുദേവൻ വിഭാവനം ചെയ്ത തീർത്ഥാടന ലക്ഷ്യങ്ങൾ സമാധാനമെങ്കിലും ആശാവഹമായി നടപ്പിലാക്കുകയാണ്.

ഇന്നു മുതൽ 2024 ജനുവരി 5 വരെയുള്ള കാലയളവിൽ 91-ാമത് ശിവഗിരി തീർത്ഥാടനം നടക്കുകയാണ്. ഈ വർഷത്തെ തീർത്ഥാടനത്തിന്റെ ഏറ്റവും വലിയ മഹിമ ഗുരു വിഭാവനം ചെയ്ത സർവ്വമത സമന്വയത്തിന്റെ ശതാബ്ദി എന്നതാണ്. ആലുവയിൽ ഗുരുദേവൻ സംഘടിപ്പിച്ച സർവ്വമത മഹാസമ്മേളനത്തിന്റെ ശതാബ്ദി വേളയിലാണ് 91-ാമത് തീർത്ഥാടനം സമാഗതമായിരിക്കുന്നത്. കൂടാതെ വൈക്കം സത്യാഗ്രഹം, മഹാകവി കുമാരനാശൻ പല്ലനയിൽ പരിനിർവ്വാണം പ്രാപിച്ചതിന്റെ ശതാബ്ദിയും ഈ തീർത്ഥാടന കാലയളവിലാണ്. സർവ്വസാധാരണയായി ഡിസംബർ അവസാന വാരത്തിലാണ് തീർത്ഥാടന മഹാമഹം കൊണ്ടാടിയിരുന്നത്. എന്നാൽ ഇപ്രാവശ്യം ഇന്നു മുതൽ ആരംഭിക്കുകയാണ്. കൂടുതലായി ഭക്തജനങ്ങൾക്ക് പങ്കെടുക്കുവാനും പ്രത്യേകിച്ച് 10 ദിവസത്തെ ഗുരുകല്പനയിലുള്ള വ്രതാനുഷ്ഠാനം പരിരക്ഷിക്കുവാനും തീർത്ഥാടന ദിനങ്ങളുണ്ടെങ്കിൽ അതുസഹായകമാണല്ലോ.

തീർത്ഥാടകർക്കായി ഗുരുദേവൻ കല്പിച്ച നിറം മഞ്ഞയാണ്. ജ്യോതിർശാസ്ത്ര പ്രകാരം വ്യാഴന്റെ - ഗുരുവിന്റെ നിറമാണ് മഞ്ഞ. തീർത്ഥാടകർക്കായി ഗുരുദേവൻ മഞ്ഞ തന്നെ കല്പിച്ചത് ഗുരുവിന്റെ സമന്വയ ദർശനത്തിന്റെ ഭാഗമായാണ്. മഞ്ഞയിൽ എല്ലാ നിറങ്ങളും ലയിച്ചുചേരുന്നു. അതുപോലെ ഗുരുദേവന്റെ സമന്വയ ദർശനത്തിൽ വീഥിയൊരുക്കലായി മാറുകയാണ്. ശ്രീനാരായണ ഗുരുദേവൻ അനുകമ്പാ ദശകത്തിൽ മതഗുരുക്കൻമാരേയും വേദാന്ത സിദ്ധാന്ത ആചാര്യൻമാരേയും അനുകമ്പാദർശനത്തിലൂടെ സമന്വയിപ്പിച്ച് അവതരിപ്പിക്കുന്നുണ്ടല്ലോ. ആ മതസമന്വയ ദർശനം ഒരു ഗുരുഭക്തന്റേയും വിചാരധാരയാകണം. 91-ാമത് ശിവഗിരി തീർത്ഥാടനമഹാമഹം മഹാഗുരുവിന്റെ സത്യദർശനത്തെ ആഴത്തിൽ പഠിച്ചറിയുവാനുള്ള വേദിയായി മാറണം. ഇതിനായി ഡിസംബർ 15 മുതൽ ഡിസംബർ 29 വരെയുള്ള തീയതികളിൽ വിശേഷാൽ പ്രഭാഷണപരമ്പരയും സമ്മേളനങ്ങളും ശിവഗിരിയിൽ ഒരുക്കിയിരിക്കുകയാണ്. ഇന്നു മുതൽ20 വരെ എല്ലാദിവസവും സന്യാസിവര്യന്മാർ നയിക്കുന്ന ഗുരുധർമ്മ പ്രബോധനങ്ങൾ നടക്കും. ഡിസംബർ 21ന് ഗുരുദേവനും ആയൂർവേദ ശാസ്ത്രവും സംബന്ധിച്ചുള്ള ബന്ധത്തെ മുൻനിറുത്തി സെമിനാർ നടത്തുന്നുണ്ട്. ഡിസംബർ 22 മുതൽ 25 വരെ ഭാരതത്തിനകത്തും പുറത്തും പ്രചുരപ്രചാരം നേടിയ ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും നടക്കുകയാണ്. ജനലക്ഷങ്ങളെ ഗുരുഭക്തിയിലേക്കും ആത്മീയതയിലേക്കും നയിച്ച ആത്മീയ ദിവ്യ യജ്ഞമാണ് ദിവ്യപ്രബോധനവും ധ്യാനവും. ഗുരുദേവന്റെ 73 വർഷത്തെ ദിവ്യ ജീവിതത്തെ തൃപ്പാദങ്ങൾ രചിച്ച കൃതികളുമായി ചേർത്തുകൊണ്ടുള്ള പഠനമാണ് പ്രധാനം. ദിവസവും രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് ഈ യജ്ഞം നടക്കുന്നത്. ഡിസംബർ 26ന് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കുന്ന സർവ്വമതസമ്മേളന ശതാബ്ദി സമ്മേളനവും ഡിസംബർ 27ന് ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധർമ്മപ്രചരണ സഭ സമ്മേളനവും നടക്കും. ഗുരുധർമ്മപ്രചരണ സഭയോട് ചേർന്ന് ഗുരുഭക്തൻമാർക്ക് പ്രവർത്തിക്കാവുന്നതാണ്. ഡിസംബർ 28ന് മഹാകവി കുമാരനാശാന്റെ ദേഹവിയോഗ ശതാബ്ദി സമ്മേളനവും 29ന് ഗുരുദേവൻ സ്ഥാപിച്ച മാതൃകാ പാഠശാല ശിവഗിരി സ്കൂളിന്റെ ശതാബ്ദി സമ്മേളനവും നടക്കും. ഗുരുദർശനത്തിലൂന്നി നിന്നുകൊണ്ടുള്ള ഈ പ്രഭാഷണപരമ്പര ഗുരുവിന്റെ ദർശനം മഹിമാവിലേക്ക് ആഴത്തിലിറങ്ങുവാൻ എത്രയും സഹായകമാണ്.
ഗുരു പ്രായോഗിക വേദാന്തിയായിരുന്നു. തീർത്ഥാടനത്തിന് അനുമതി നൽകിയ വേളയിൽ ഗുരു ഉപദേശിച്ചു. 'ആണ്ടിലൊരിക്കൽ കുറെ ആളുകൾ രാജ്യത്തിന്റെ നാനാഭാഗത്തു നിന്ന് മഞ്ഞ വസ്ത്രവും ധരിച്ച് യാത്ര ചെയ്ത് ശിവഗിരിയിൽ ചെന്ന് ചുറ്റി നടന്ന് കുളിയും ഊണും കഴിഞ്ഞ് പണവും ചെലവാക്കി മടങ്ങിവീടുകളിൽ ചെല്ലുന്നതുകൊണ്ട് എന്തു സാധിച്ചു. ഒന്നും സാധിച്ചില്ല. വെറും ചെലവും ബുദ്ധിമുട്ടും. ഏതു പ്രവൃത്തിക്കും ഒരു ഉദ്ദേശ്യം വേണം. ഒരു ലക്ഷ്യം. തുടർന്ന് ഗുരു വിദ്യാഭ്യാസം തുടങ്ങിയ അഷ്ടാംഗമാർഗ്ഗങ്ങൾ ഉപദേശിക്കുകയായി. ഗുരു നൽകിയ ഉപദേശവചസുകൾ പരിപാലിക്കുന്നുവോ എന്ന് ഓരോ തീർത്ഥാടകനും ആത്മപരിശോധന ചെയ്യണം.
ആത്മീയമായ അടിത്തറയിൽ സാമൂഹിക ജീവിതം പടുത്തുയർത്തുക എന്ന ഗുരുദേവന്റെ പ്രായോഗിക വേദാന്ത ദർശനം ശിവഗിരി തീർത്ഥാടന സന്ദേശത്തിലും അനുരണനം ചെയ്യുന്നു. അത് നമ്മുടെ ജീവിത ദർശനമാകട്ടെ. എല്ലാവർക്കും 91-ാമത് ശിവഗിരി തീർത്ഥാടന മംഗളാശംസകൾ.