-working

കൊച്ചി: തൃക്കാക്കര നഗരസഭാ പരിധിയിലെ വനിതകള്‍ക്ക് അസാപ് കേരളയുടെ നേതൃത്വത്തില്‍ സ്‌കോളര്‍ഷിപ്പോടെ തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കുന്നു. നഗരസഭയുമായി ചേര്‍ന്നാണ് പദ്ധതി. മികച്ച ജോലി സാദ്ധ്യതകളുള്ള പുതുതലമുറ കോഴ്‌സുകളാണ് പദ്ധതിയുടെ ഭാഗമായി പരിശീലിപ്പിക്കുന്നത്. എസ്.സി, എസ്.ടി വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് 100 ശതമാനം സ്‌കോളര്‍ഷിപ്പും മറ്റു വിഭാഗക്കാര്‍ക്ക് 75ശതമാനം വരെ സ്‌കോളര്‍ഷിപ്പും ലഭിക്കും. വി.ആര്‍. ഡെവലപ്പര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ജി.എസ്.ടി യൂസിംഗ് ടാലി, ഫിറ്റ്‌നസ് ട്രെയിനര്‍, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, ഹൈഡ്രോപോണിക്‌സ് ഗാര്‍ഡ്‌നര്‍ എന്നിവയിലാണ് നൈപുണ്യ പരിശീലനം നല്‍കുന്നത്. കോഴ്‌സുകളിലേക്ക് പ്രവേശനം സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് തൃക്കാക്കര നഗരസഭ വ്യവസായ ഓഫീസുമായോ കളമശ്ശേരി കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരള കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുമായോ ബന്ധപ്പെടാം. ഫോണ്‍: 9995618202, 8848179814, 97785 98336, 04712772562. കൂടുതല്‍ വിവരങ്ങള്‍ www.asapkerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

കോഴ്‌സുകള്‍ വിശദമായി

വി.ആര്‍. ഡെവലപ്പര്‍: അതിവേഗം വളരുന്ന മേഖലയാണ് വെര്‍ച്വല്‍ റിയാലിറ്റി. 3D വെര്‍ച്വല്‍ ഇമേജുകള്‍ വികസിപ്പിക്കാനുള്ള പരിശീലനം ഈ കോഴ്‌സിലൂടെ ലഭിക്കും. 200 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ പ്ലസ് ടു പാസാവര്‍ക്ക് പങ്കെടുക്കാം. ആകെ 15 പേര്‍ക്കാണ് അവസരം.

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഈ ഡിജിറ്റല്‍ യുഗത്തില്‍ അനിവാര്യമായ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ടൂളുകള്‍ ഉള്‍ക്കൊള്ളുന്ന പരിശീലനമാണിത്. 175 മണിക്കൂറാണ് കോഴ്‌സ് ദൈര്‍ഘ്യം. പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം.

ജി.എസ്.ടി യൂസിംഗ് ടാലി: ജിഎസ്ടിയുടെ അടിസ്ഥാന കാര്യങ്ങള്‍ മുതല്‍ അക്കൗണ്ടിങ് സോഫ്റ്റ്വെയറായ ടാലി ഉപയോഗിച്ചുള്ള ജിഎസ്ടി പ്രായോഗിക പരിശീലനം വരെ ഉള്‍പ്പെടുന്നതാണ് ഈ കോഴ്‌സ്. 45 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ അവസാന വര്‍ഷ കൊമേഴ്സ് ബിരുദ വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം.

ഫിറ്റ്‌നസ് ട്രെയിനര്‍: ഫിറ്റ്‌നസ് മേഖലയില്‍ താല്പര്യമുള്ളവര്‍ക്ക് ഒരു പുതിയ കരിയര്‍ കണ്ടെത്തുവാനും നിലവില്‍ ജിം ട്രെയിനര്‍ ആയി പ്രവര്‍ത്തിക്കുന്നവര്‍ക്ക് സെര്‍ട്ടിഫൈഡ് ട്രെയിനര്‍ ആകാനുള്ള അവസരവും ഈ കോഴ്‌സിലൂടെ ലഭിക്കുന്നു. 300 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ പ്ലസ് ടു പാസായവര്‍ക്ക് പങ്കെടുക്കാം.

ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്: ആശുപത്രികളില്‍ സഹായിയായി ജോലി ചെയ്യാനുള്ള പരിശീലനമാണ് ഈ കോഴ്‌സിലൂടെ ലഭിക്കുക. കോഴ്‌സിന്റെ ഭാഗമായി ഹോസ്പിറ്റലില്‍ ഇന്റേണ്‍ഷിപ് അവസരവുമുണ്ട്. 300 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം.

ഹൈഡ്രോപോണിക്‌സ് ഗാര്‍ഡ്‌നര്‍: ജല ഉപയോഗം കുറഞ്ഞ നൂതന കൃഷി രീതിയാണ് ഹൈഡ്രോപോണിക്‌സ്. നഗരങ്ങളില്‍ അനുയോജ്യമായ ഈ കൃഷി രീതിയില്‍ താല്‍പര്യമുള്ളവര്‍ക്കാണ് പരിശീനം നല്‍കുന്നത്. കൃഷിക്ക് ആവശ്യമായ കിറ്റും നടീല്‍വിത്തുകളും ഇതോടൊപ്പം നല്‍കും. 100 മണിക്കൂറാണ് കോഴ്‌സ് ദൈര്‍ഘ്യം.