
ഏറ്റവും കൂടുതൽ പേരെ ബാധിക്കുന്ന അസുഖമാണ് ജലദോഷം. ഒന്ന് മൂക്കുചീറ്റിയാൽ മെഡിക്കൽ സ്റ്റോറിലേക്ക് ഓടുന്നവരാണ് ഒട്ടുമിക്കവരും. എന്നാൽ ഗുളിക കഴിക്കാതെ വിറ്റാമിൻ സി അടങ്ങിയ നാരങ്ങയും ഓറഞ്ചും കഴിച്ചാൽ ജലദോഷം അധികം കടുക്കാതെ പെട്ടെന്ന് മാറുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ പറയുന്നത്. വിറ്റാമിൻ സി ശരീരത്തിൽ എത്തുന്നതോടെ പ്രതിരോധ ശേഷി കൂടുന്നു. ഇതാണ് ജലദോഷം മാറാൻ കാരണമാകുന്നത്.
അസ്കോർബിക് ആസിഡ് എന്നറിയപ്പെടുന്ന വൈറ്റമിൻ സി ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്ന ഒന്നാണ്. ഇത് ഒരു ആന്റിഓക്‌സിഡന്റായി നിലകൊള്ളും. കോശങ്ങളെ നശിപ്പിക്കുകയും രോഗപ്രതിരോധ ശേഷിയെ തടസപ്പെടുത്തുകയും ചെയ്യുന്ന ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കുകയും ചെയ്യുന്നു. അണുബാധ തടയുന്ന വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തെ വർദ്ധിപ്പിക്കാനും വിറ്റാമിൻ സി സഹായിക്കുന്നു.
വിറ്റാമിൻ സി പതിവായി കഴിക്കുന്നവരിൽ ജലദോഷത്തിന്റെ തീവ്രതയും കാഠിന്യവും മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കുറയുംഎന്നാണ് നിരവധി പഠനങ്ങൾ തെളിയിക്കുന്നത്. വിറ്റാമിൻ സി സപ്ളിമെന്റുകൾ കഴിക്കുന്നവർക്കും ഇത്തരം ഗുണങ്ങൾ ലഭിക്കും. കായിക താരങ്ങളെപ്പോലെ അധികം ശാരീരിക അദ്ധ്വാനത്തിൽ ഏർപ്പെടുന്നവർക്കാണ് വിറ്റാമിൻ സി കൂടുതൽ പ്രയോജനപ്പെടുന്നത്. സാധാരണക്കാർക്ക് ഇത് എത്രത്താേളം പ്രയോജനപ്പെടുമെന്ന് വ്യക്തമാകാൻ ഇനിയും പഠനങ്ങൾ പലത് നടക്കണം.
ഇത്രയും ഗുണങ്ങളുണ്ടെങ്കിൽ നാളെമുതൽ ഓറഞ്ചും നാരങ്ങയും മുഖ്യ ആഹാരമാക്കാം എന്ന് വിചാരിച്ചെങ്കിൽ നിങ്ങൾക്ക് തെറ്റി. ശരീരത്തിന് ഒരു നിശ്ചിത ശതമാനം വിറ്റാമിൻ സി മാത്രമേ ആവശ്യമുള്ളൂ. അത്രയും എടുത്തശേഷം ശേഷിക്കുന്നതിനെ മൂത്രത്തിലൂടെ പുറന്തള്ളും. വിറ്റാമിൻ സി സപ്ലിമെന്റുകൾ അമിതമായി കഴിക്കുന്നതും പ്രശ്നമാണ്. ദഹനനാളത്തിന്റെ അസ്വസ്ഥത, വൃക്കയിലെ കല്ലുകൾ എന്നിവയ്ക്ക് ഇടയാക്കിയേക്കാം.