
കൊച്ചി: ശബരിമലയിൽ തീർത്ഥാടകർ നേരിടുന്ന പ്രശ്നങ്ങളിൽ ഹൈക്കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് മുന്നൂറ് പരാതികൾ ലഭിച്ചെന്ന് ദേവസ്വം ബെഞ്ച്. ശബരിമല തീർത്ഥാടകർക്ക് കോടതി നിർദേശപ്രകാരമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് സർക്കാരിന് ബെഞ്ച് നിർദേശം നൽകി.
തീർത്ഥാടകരിൽ നിന്ന് ഭക്ഷണത്തിനും വാഹന പാർക്കിംഗിനുമായി അമിതമായ ഫീസ് ഈടാക്കുന്നുവെന്ന് പരാതിയുണ്ടെന്നും ഇതിൽ എരുമേലി പഞ്ചായത്ത് വിശദീകരണം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ വിശദീകരണം നൽകുന്നതിന് എരുമേലി പഞ്ചായത്ത് സെക്രട്ടറിയെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേർത്തിരിക്കുകയാണ്.
അതേസമയം, ശബരിമലയിൽ പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. കോടതി നിർദേശപ്രകാരം ആവശ്യത്തിന് ബസുകളും മൊബൈൽ പട്രോളിംഗ് സർവീസുകളും ഏർപ്പെടുത്തിയെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു.
ശബരിമലയിൽ കഴിഞ്ഞ അഞ്ചുദിവസമായി അനുഭവപ്പെടുന്ന വൻതിരക്കിനും തീർത്ഥാടകർ നേരിടുന്ന ദുരിതത്തിനും ഇന്നലെയോടെ കാര്യമായ കുറവുണ്ടായിരുന്നു. തിരക്ക് നിയന്ത്രണംവിട്ടുതുടങ്ങിയ അവസ്ഥയിലായിരുന്നു സന്നിധാനവും പരിസരപ്രദേശങ്ങളും. സർക്കാരിന്റെ അടിയന്തര ഇടപെടലിലാണ് ആശ്വാസമുണ്ടായത്. ക്രമീകരണങ്ങൾ വിലയിരുത്താൻ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ നിലയ്ക്കലും പമ്പയും സന്നിധാനവും സന്ദർശിച്ചു. തീർത്ഥാടകരുമായും പൊലീസ്, ദേവസ്വം അധികൃതരുമായും ചർച്ചനടത്തുകയും ചെയ്തു.
പമ്പയിൽ നിന്ന് സന്നിധാനം വരെ ഭക്തരെ കയറ്റിവിടുന്നതിൽ നിയന്ത്രണം തുടരുകയാണ്. പമ്പയിൽ ഇപ്പോഴും വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. നാല് മണിക്കൂർ വരെ ഭക്തർക്ക് കാത്തുനിൽക്കേണ്ടതായി വരുന്നു. മൂന്നു പന്തലുകളാണ് ഇവിടെയുള്ളത്. രണ്ടു താത്കാലിക പന്തലുകൾ ഇന്ന് സ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നു. ഇന്നലെ വെർച്വൽക്യൂ വഴി 50062 പേരാണ് ദർശനം നടത്തിയത്. സന്നിധാനത്ത് ദർശനം നടത്താൻ കഴിയാത്ത തീർത്ഥാടകർ ഇന്നലെയും പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെത്തി നെയ്യഭിഷേകം നടത്തി മടങ്ങിയിരുന്നു.