arjun

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അർജുനെ വെറുതെവിട്ട സംഭവത്തിൽ അപ്പീൽ പോകാൻ പൊലീസ് മേധാവി നിർദേശം നൽകി. വിധി വന്നതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. അപ്പീൽ പോകുമെന്ന് പ്രോസിക്യൂഷൻ നേരത്തേ അറിയിച്ചിരുന്നു.

വൈകാരികവും നാടകീയവുമായ രംഗങ്ങളാണ് കോടതി വളപ്പിൽ അരങ്ങേറിയത്. കേസിൽ ഇപ്പോൾ വിധി പറഞ്ഞ ജഡ്ജി പണം വാങ്ങിയെന്ന് ആരോപിച്ച ബന്ധുക്കൾ തങ്ങൾക്ക് പഴയ ജഡ്ജിയെ വേണമെന്നും ആവശ്യപ്പെട്ടു. ഒരു വനിത ജഡ്ജിയായിരുന്നിട്ടുകൂടി പ്രതിയെ വെറുതെവിട്ടെന്നും ബന്ധുക്കൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.

'14 വർഷത്തിന് ശേഷമുണ്ടായ കൊച്ചിനെയാണ് അവൻ പൂജാമുറിയിലിട്ട് പീഡിപ്പിച്ച് കൊന്നത്. ഞാൻ ചോറ് കൊടുത്ത കൊച്ചാ. എന്റെ ജീവനായിരുന്നു അറിയാവോ. എന്റെ കുഞ്ഞിനെ കൊന്നതാ..അവൾക്ക് നീതി കിട്ടിയില്ല, നാട്ടുകാർക്ക് മുഴുവൻ അറിയാം, അവൻ ഇനി സന്തോഷായിട്ട് ജീവിക്കാൻ പോകുവാ, ഞങ്ങൾക്ക് ഞങ്ങളുടെ കുഞ്ഞിനെ നഷ്ടമായില്ലേ.'- ബന്ധുക്കൾ കോടതി മുറിയിൽ നിന്ന് വിളിച്ചുപറഞ്ഞു.