
കൊല്ലം: നവകേരള സദസിന് വേദിയൊരുക്കാൻ ലോറി സ്റ്റാൻഡിൽ മാലിന്യം തള്ളിയതായി റിപ്പോർട്ടുകൾ. എഴുപത്തിയഞ്ച് ലോഡിലേറെ മാലിന്യമാണ് ഇവിടെ തള്ളിയത്. ഇരവിപുരം നിയോജക മണ്ഡലത്തിലാണ് സംഭവം. നവകേരള സദസിന്റെ വേദിയായ കന്റോൺമെന്റ് മൈതാനത്തുകിടന്നിരുന്ന മാലിന്യമാണ് ഫുഡ് കോർപറേഷൻ ഒഫ് ഇന്ത്യയുടെ ഗോഡൗണിന് സമീപമുള്ള ലോറി സ്റ്റാൻഡിലേക്ക് മാറ്റിയത്.
കോർപറേഷനിലെ ശുചീകരണ തൊഴിലാളികൾ ശേഖരിച്ചിരുന്ന മാലിന്യം മുമ്പ് കന്റോൺമെന്റ് മൈതാനത്തായിരുന്നു ഇട്ടിരുന്നത്. നവകേരള സദസിനോടനുബന്ധിച്ച് ചൊവ്വാഴ്ച മുതൽ മാലിന്യം ലോറി സ്റ്റാൻഡിലേക്ക് മാറ്റിത്തുടങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.
അറുപത്തിയഞ്ച് ലോറികളാണ് സ്റ്റാൻഡിൽ ഉള്ളത്. മാലിന്യം നിറഞ്ഞതോടെ ഈ ലോറികൾ ഇപ്പോൾ റോഡിലിടേണ്ട അവസ്ഥയാണ്. ലോറി സ്റ്റാൻഡിൽ തള്ളിയ ശേഷം കന്റോൺമെന്റ് മൈതാനത്ത് ബാക്കിവന്ന പ്ലാസ്റ്റിക് മാലിന്യങ്ങളടക്കമുള്ളവ വലിയ കുഴിയെടുത്ത് മൂടുകയാണെന്നാണ് വിവരം. ഇതിനുമുകളിൽ മണ്ണിട്ട് മിനുക്കാനുള്ള ജോലിയും ആരംഭിച്ചു.