
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നുവെന്നും തങ്ങളോട് ഒന്നും ആലോചിക്കുന്നില്ലെന്നും ആരോപണവുമായി മറ്റ് അംഗങ്ങൾ. ഇതുമായി ബന്ധപ്പെട്ട് അംഗങ്ങൾ ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ രഹസ്യയോഗം ചേർന്നിരുന്നു.
ഇന്ന് ഉച്ചയോടെയാണ് രഞ്ജിത്തിനെതിരെ അക്കാദമി അംഗങ്ങൾ സമാന്തര യോഗം ചേർന്നത്. കുക്കു പരമേശ്വരൻ, മനോജ് കാന തുടങ്ങി ഒൻപത് അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. 15 പേരാണ് അംഗങ്ങളായുള്ളത്. അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് രഞ്ജിത്തിനെ നീക്കണമെന്നാണ് ഇവർ മുന്നോട്ടു വയ്ക്കുന്ന പ്രധാന ആവശ്യം.
അതേസമയം, താൻ ഒറ്റയ്ക്കല്ല തീരുമാനങ്ങളെടുക്കുന്നതെന്നും തുടരേണ്ടെന്ന് സർക്കാർ പറഞ്ഞാൽ പുറത്തുപോകുമെന്നും ആരോപണത്തിൽ രഞ്ജിത്ത് പ്രതികരിച്ചു.
'അംഗങ്ങൾ സർക്കാരിന് പരാതി നൽകിയിട്ടുണ്ടെങ്കിൽ നമുക്കൊരു സംസ്‌കാരിക വകുപ്പുണ്ട്, അതിനൊരു മന്ത്രിയുണ്ട്, അതിനും മുകളിൽ മുഖ്യമന്ത്രിയുണ്ട്. അവരത് പരിശോധിക്കുക തന്നെ ചെയ്യും. പരാതിയിൽ അവർക്ക് പ്രാധാന്യം ബോദ്ധ്യപ്പെട്ടാൽ തീർച്ചയായും എന്നെ ബന്ധപ്പെടും.
സ്ഥാനത്ത് തുടരാൻ ഞാൻ അർഹനല്ല എന്നവർ പറയുകയാണെങ്കിൽ ആ നിമിഷം പടിയിറങ്ങാനുള്ള മനസ് എനിക്കുണ്ട്. എല്ലാം പുതിയ അനുഭവങ്ങളാണ്. രഞ്ജിത് ഒറ്റയ്ക്കാണോ തീരുമാനങ്ങളെടുക്കുന്നത് എന്ന് മറ്റുള്ളവരോട് ഒന്ന് ചോദിക്കണം. രഞ്ജിത്തിന്റെ സമീപനത്തിൽ ബുദ്ധിമുട്ടുകയാണ് എന്നവർ പറയുകയാണെങ്കിൽ സർക്കാരിന് അംഗങ്ങളുടെ പരാതി ബോദ്ധ്യപ്പെടും. ഞാനിറങ്ങുകയും ചെയ്യും'- രഞ്ജിത്ത് വ്യക്തമാക്കി.