
കൊല്ലം: വയോധികയെ കസേരയിൽ നിന്ന് തള്ളിയിട്ട് മർദിച്ച സംഭവത്തിൽ മരുമകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം തേവലക്കര നടുവിലക്കരയിൽ ഒരു വർഷം മുമ്പായിരുന്നു സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
എൺപതുവയസുകാരിക്കാണ് മർദനമേറ്റത്. വയോധികയെ മരുമകൾ മർദിക്കുന്നതിനൊപ്പം തന്നെ വഴക്കുപറയുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. ഒരു പുരുഷനാണ് വീഡിയോ പകർത്തിയത്. കസേരയിലിരിക്കുന്ന വയോധികയോട് എഴുന്നേറ്റുപോകാൻ യുവതി ആവശ്യപ്പെടുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്.
തുടർന്ന് വയോധികയെ കസേരയിൽ നിന്ന് തള്ളിയിടുന്നു. കുറച്ചുമിനിട്ടുകൾക്ക് ശേഷം വൃദ്ധ എഴുന്നേറ്റിരിക്കുന്നു. എഴുന്നേറ്റ് നിൽക്കാൻ തന്നെയൊന്ന് സഹായിക്കണമെന്ന് വയോധിക വീഡിയോയെടുക്കുന്നയാളോട് പറയുന്നുണ്ട്. നിങ്ങളുടെ വീടല്ലേ, പിന്നെന്തിന് എഴുന്നേറ്റ് പോകണമെന്ന് ഈ വ്യക്തി ചോദിക്കുന്നു. വഴക്ക് ഒഴിവാക്കാനെന്നായിരുന്നു വയോധികയുടെ മറുപടി.