mas

ന്യൂഡൽഹി: ഉത്തർപ്രദേശിലെ മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി തർക്കഭൂമിയിൽ അഭിഭാഷക കമ്മിഷന്റെ പരിശോധനയ്ക്ക് അലഹബാദ് ഹൈക്കോടതിയുടെ അനുമതി. ശ്രീകൃഷ്ണ ക്ഷേത്രത്തോട് ചേർന്നുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദിലാണ് പരിശോധന. ഏതൊക്കെ കാര്യങ്ങളാണ് പരിശോധിക്കേണ്ടത്, കമ്മിഷന്റെ ഘടന ഉൾപ്പെടെ തിങ്കളാഴ്ച തീരുമാനിക്കും. തുടർന്ന് കമ്മിഷൻ 13.37 ഏക്കറിലെ തർക്കഭൂമി സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കും.

ശ്രീകൃഷ്ണൻ ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്ത് മസ്ജിദ് നിർമ്മിച്ചുവെന്നും പൊളിച്ചു നീക്കണമെന്നുമുള്ള ഒരു കൂട്ടം ഹർജികളിലാണ് നടപടി. 1670ൽ മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ കല്പന പ്രകാരം അവിടെ ആരാധനാലയം നിർമിച്ചുവെന്നാണ് അഡ്വ. രഞ്ജന മൽഹോത്ര തുടങ്ങിയ ഹർജിക്കാരുടെ ആരോപണം. മസ്ജിദ് വളപ്പിൽ ക്ഷേത്രത്തിന്റെ സ്വഭാവമുള്ള നിർമിതികളും അടയാളങ്ങളുമുണ്ടെന്നും ഹർജിയിൽ പറയുന്നു.

സർവേ നടത്തുന്നതിൽ എതിർപ്പുമായി മസ്ജിദ് കമ്മിറ്റി രംഗത്തെത്തിയിരുന്നു. എന്നാൽ,​ അഭിഭാഷക കമ്മിഷന്റെ പരിശോധന നടക്കട്ടെയെന്ന് ജസ്റ്റിസ് മായങ്ക് കുമാർ ജെയ്ൻ നിർദ്ദേശിച്ചു.