
രാജ്‌കോട്ട്: തെന്നിവീണ് ചുണ്ടുകൾക്ക് സാരമായി മുറിവേറ്റിട്ടും ടീമിനായി ബാറ്റിംഗിനിറങ്ങിയ തമിഴ്നാട് ക്രിക്കറ്റർ ബാബ ഇന്ദ്രജിത്തിന്റെ പ്രകടനം വൈറലായി. വിജയ് ഹസാരെ ട്രോഫിയിൽ ഹരിയാനയ്‌ക്കെതിരായ സെമി ഫൈനൽ മത്സരത്തിന്റെ ഇന്നിംഗ്സ് ബ്രേക്കിൽ ഐസ് ബാത്ത് നടത്തിയപ്പോഴാണ് ഇന്ദ്രജിത്ത് തെന്നിവീണത്. മേൽച്ചുണ്ടിന് കാര്യമായ മുറിവുപറ്റുകയും ചെയ്തു. ഹരിയാന ഉയർത്തിയ 294 റൺസ് വിജയലക്ഷ്യം പിന്തുടരുകയായിരുന്ന തമിഴ്‌നാട് 13.2 ഓവറിൽ മൂന്നിന് 54 റൺസെന്ന നിലയിലേക്ക് വീണു. ഇതോടെ ഇന്ദ്രജിത്ത് പരിക്ക് വകവെയ്ക്കാതെ ബാറ്റിങ്ങിനിറങ്ങുകയായിരുന്നു.
ആദ്യം സാധാരണ ഡ്രസ്സിംഗായിരുന്നു മുറിവിൽ ചെയ്തിരുന്നത്. എന്നാൽ കുറച്ചു പന്തുകൾ നേരിട്ടപ്പോൾ അസ്വസ്ഥത അനുഭവപ്പെട്ട താരം ഫിസിയോയെ വിളിച്ച് സാധാരണ ഡ്രസിംഗ് നീക്കംചെയ്ത് മേൽച്ചുണ്ട് പാഡിംഗ് ഉപയോഗിച്ച് ഉറപ്പിച്ച് വായയ്ക്ക് ചുറ്റും ടേപ്പ് ചുറ്റുകയായിരുന്നു. ഇതോടെ സംസാരിക്കാൻ കഴിയാതെയായി.
മത്സരത്തിൽ 71 പന്തിൽ നിന്ന് അഞ്ച് ബൗണ്ടറിയടക്കം 64 റൺസുമായി ടീമിന്റെ ടോപ് സ്‌കോററായെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ ഇന്ദ്രജിത്തിന് കഴിഞ്ഞില്ല. തമിഴ്‌നാട് 63 റൺസിന് പരാജയപ്പെട്ടു. കളിയവസാനിച്ചതിനു പിന്നാലെ താരത്തെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.