
ബംഗളൂരു: അവിഹിതബന്ധം എതിർത്ത യുവതിയെ ഭർത്താവ് ഭക്ഷണത്തിൽ സയനൈഡ് കലർത്തി കൊലപ്പെടുത്തി. കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ദേവവൃന്ദ ഗ്രാമത്തിലെ വസതിയിൽ ശ്വേത എന്ന യുവതിയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിൽ ഭർത്താവ് ദർശനെ പൊലീസ് അറസ്റ്റുചെയ്തു.
ശ്വേത സ്വയം വിഷം കുത്തിവച്ച് ആത്മഹത്യ ചെയ്തെന്നു വരുത്താൻ ദർശൻ ശ്രമിച്ചിരുന്നു. ഹൃദയാഘാതം ഉണ്ടായതായും പറഞ്ഞു. എന്നാൽ മകളുടെ മരണത്തിൽ അസ്വാഭാവികത തോന്നിയ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. വീട്ടുകാർ എത്തുന്നതിനു മുൻപ് ശ്വേതയുടെ മൃതദേഹം സംസ്കരിക്കാൻ ദർശൻ ശ്രമിച്ചതും സംശയം വർദ്ധിപ്പിച്ചു.
ഹൃദയാഘാതത്തെ തുടർന്നല്ല മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. തുടർന്ന് ദർശനെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റകൃത്യത്തിന്റെ ചുരുളഴിഞ്ഞത്. ശ്വേതയെ കൊന്നതാണെന്ന് പ്രതി സമ്മതിച്ചു. കോളേജ് കാലം മുതൽ പ്രണയത്തിലായിരുന്ന ഇവർ മൂന്നു വർഷം മുൻപാണ് വിവാഹിതരായത്. ജോലിസ്ഥലത്തുള്ള മറ്റൊരു യുവതിയുമായി ദർശൻ അടുപ്പത്തിലായിരുന്നു. ഇത് ഇവർക്കിടയിൽ നിരന്തരമായി പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു.