warner

പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ 346/5

അവസാന പരമ്പരയ്ക്കിറങ്ങിയ വാർണർക്ക് സെഞ്ച്വറി (164)

പെർത്ത് : തന്റെ അവസാന ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങിയ ഓപ്പണർ ഡേവിഡ് വാർണറുടെ തകർപ്പൻ സെഞ്ച്വറിയുടെ(164) മികവിൽ പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 346/5 എന്ന സ്കോറിലെത്തി. ഓപ്പണായിറങ്ങി 75-ാം ഓവർവരെ ക്രീസിൽ നിന്ന് തന്റെ 26-ാം ടെസ്റ്റ് സെഞ്ച്വറി നേടിയ വാർണർ തന്നെ ടീമിൽ ഉൾപ്പെടുത്തിയതിനെ വിമർശിച്ച മിച്ചൽ ജോൺസൺ ഉൾപ്പടെയുള്ളവർക്കുള്ള മറുപടിയാണ് പെർത്തിൽ നൽകിയത്. ഉസ്മാൻ ഖ്വാജ (41), സ്റ്റീവൻ സ്മിത്ത് (31),ട്രാവിസ് ഹെഡ് (40) എന്നിവരുടെ പിന്തുണയോടെയാണ് വാർണർ മുന്നേറിയത്.

ആദ്യ വിക്കറ്റിൽ വാർണറും ഖ്വാജയും ചേർന്ന് 126 റൺസാണ് അ‌ടിച്ചുകൂട്ടിയത്. ലഞ്ചിന് ശേഷം ഖ്വാജയെ സർഫ്രാസിന്റെ കയ്യിലെത്തിച്ച് ഷഹീൻഷാ അഫ്രീദി സഖ്യം പൊളിച്ചു. തുടർന്ന് ചായയ്ക്ക് മുമ്പ് ലാബുഷേയ്നെയും (16) നഷ്ടമായി. പിന്നാലെ വാർണർ സെഞ്ച്വറി തികയ്ക്കുകയും ചെയ്തു. ചായയ്ക്ക് ശേഷമാണ് സ്മിത്തിനെയും ഹെഡിനെയും വാർണറെയും ഓസീസിന് നഷ്ടമായത്. 211 പന്തുകളിൽ 16 ഫോറും നാലുസിക്സും പറത്തിയ വാർണറെ അരങ്ങേറ്റക്കാരനായ ആമർ അജ്മലിന്റെ പന്തിൽ ഇമാം ഉൽ ഹഖാണ് പുറത്താക്കിയത്. ഹെഡിനെ പുറത്താക്കിയതും ആമറാണ്. മിച്ചൽ മാർഷും (15*) അലക്സ് കാരേയുമാണ് (14) കളിനിറുത്തുമ്പോൾ ക്രീസിൽ.

26

തന്റെ 26-ാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണ് വാർണർ ഇന്നലെ നേടിയത്.

2020

ജനുവരിക്ക് ശേഷം വാർണർ നേടുന്ന ആദ്യ ടെസ്റ്റ് സെഞ്ച്വറിയാണിത്.

8651

റൺസുമായി വാർണർ ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന അഞ്ചാമത്തെ ഓസ്ട്രേലിയൻ ബാറ്ററായി.

വിരട്ടലും വിലപേശലും വാർണറോട് വേണ്ട മിച്ചലേ...

ഈ പരമ്പരയ്ക്ക് ടീമിലെടുത്തപ്പോൾ ഫോമില്ലാത്ത ആൾക്ക് എന്തിനാണ് വിരമിക്കാൻ അവസരം നൽകുന്നതെന്ന് പരസ്യമായി ചോദിച്ച മുൻ ഓസീസ് താരം മിച്ചൽ ജോൺസൺ അടക്കമുള്ള വിമർശകർക്കുള്ള മറുപടിയായാണ് ഡേവിഡ് വാർണറുടെപെർത്തിലെ സെഞ്ച്വറി. സെഞ്ച്വറി തികച്ച ശേഷം ഗാലറിയിലേക്ക് നോക്കി വിരൽ ചുണ്ടിൽവച്ച് മിണ്ടരുത് എന്ന ആംഗ്യവും വാർണർ കാട്ടിയിരുന്നു. പിന്നീട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ മിച്ചലിനെ മാത്രമല്ല തന്നെ വിമർശിച്ച എല്ലാവർക്കുമുള്ള മറുപടിയാണെന്നാണ് വാർണർ പറഞ്ഞത്. വാർണറുടെ ഭാര്യ കാൻഡിസും ഒട്ടും വിട്ടുകൊടുത്തില്ല. സോഷ്യൽ മീഡിയയിലൂടെ മിണ്ടരുത് എന്ന ഇമോജിയാണ് അവർ പോസ്റ്റ് ചെയ്തത്.

കറുത്ത ആം ബാൻഡ് അണിഞ്ഞ് ഖ്വാജയുടെ പ്രതിഷേധം

ഗാസയിലെ യുദ്ധക്കുരുതിക്കെതിരെ മുദ്രാവാക്യങ്ങൾ എഴുതിയ ഷൂ ധരിക്കുന്നതിൽ നിന്ന് പിന്മാറിയെങ്കിലും തന്റെ പ്രതിഷേധം അറിയിച്ച് ഓസീസ് ക്രിക്കറ്റർ ഉസ്മാൻ ഖ്വാജ. യുദ്ധത്തിനെതിരായ പ്രതിഷേധ സൂചകമായി കറുത്ത ആം ബാൻഡ് അണിഞ്ഞാണ് ഖ്വാജ കളിക്കാനിറങ്ങിയത്.