
ടെൽ അവീവ്: ഗാസയിൽ പൗരന്മാർ കൊല്ലപ്പെടുന്നതിനെതിരെ യു.എസ് അടക്കമുള്ള പാശ്ചാത്യ ശക്തികൾ മുന്നറിയിപ്പ് നൽകിയിട്ടും ജനവാസ മേഖലകളിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. ഇന്നലെ തെക്കൻ ഗാസയിലെ റാഫയിലുണ്ടായ വ്യോമാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു.
രണ്ട് കെട്ടിടങ്ങൾ തകർന്നു. അവശിഷ്ടങ്ങൾക്കിടെ കുടുങ്ങിയ കുട്ടികളടക്കം നിരവധി പേരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. മേഖലയിൽ ശക്തമായി പെയ്യുന്ന മഴ രക്ഷാപ്രവർത്തനങ്ങൾക്ക് തടസമായി. ഇവിടുത്തെ അഭയാർത്ഥി ക്യാമ്പുകളിലെ ടെന്റുകൾ മിക്കതും വെള്ളത്തിൽ മുങ്ങി.
ഗാസയിലെ പൗരന്മാരുടെ സംരക്ഷണം ലക്ഷ്യമിട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഇന്ന് നേരിട്ട് ചർച്ച നടത്താനിരിക്കെയാണ് റാഫയിലെ ആക്രമണം.
ഇതിനിടെ, വടക്കൻ ഗാസയിലെ ജബലിയയിൽ കമാൽ അദ്‌വാൻ ആശുപത്രിയിലേക്ക് ഇരച്ചുകയറിയ ഇസ്രയേൽ സേന ജീവനക്കാരെ തടഞ്ഞുവച്ചെന്ന് ഹമാസ് അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തിലടക്കം വൈദ്യുതി വിച്ഛേദിച്ചു. ആശുപത്രിക്കുള്ളിൽ ഹമാസ് ഭീകരർ ഒളിവിലുണ്ടെന്നും 70 പേർ കീഴടങ്ങിയെന്നുമാണ് ഇസ്രയേലിന്റെ വാദം.
വിയോജിച്ച് യു.കെ
യു.എസിന് പിന്നാലെ ഇസ്രയേലിനെതിരെ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ച് യു.കെ രംഗത്ത്. പാലസ്തീനികളുമായി ദ്വിരാഷ്ട്ര പരിഹാരം അംഗീകരിക്കില്ലെന്ന യു.കെയിലെ ഇസ്രയേലി അംബാസഡർ സിപ്പി ഹോറ്റോവെലിയുടെ പരാമർശം ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തള്ളി.
സിപ്പിയുടെ അഭിപ്രായം അംഗീകരിക്കാനാകില്ലെന്ന് ഋഷി വ്യക്തമാക്കി. ദ്വിരാഷ്ട്ര പരിഹാരത്തോട് ഇസ്രയേൽ മുഖംതിരിക്കുന്നതായി യു.എസ് പ്രസിഡന്റ് ജോ ബൈഡനും പറഞ്ഞിരുന്നു. അതേസമയം, വെസ്റ്റ് ബാങ്കിൽ പാലസ്തീനികളെ ആക്രമിക്കുന്ന ഇസ്രയേലികൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന് യു.കെ പ്രഖ്യാപിച്ചു.