
സുല്‍ത്താന്‍ ബത്തേരി: വയനാട് വാകേരിയില്‍ ക്ഷീരകര്‍ഷകനെ കൊന്ന് തിന്ന നരഭോജി കടുവയെ തിരിച്ചറിഞ്ഞു. 13 വയസ്സ് പ്രായമുള്ള 'ഡബ്ല്യുഡബ്ല്യുഎല്‍ 45' എന്ന ആണ്‍ കടുവയാണ് യുവാവിനെ ആക്രമിച്ചതെന്നാണ് കണ്ടെത്തിയത്. ഇതോടെ കടുവയെ പിടികൂടാനുള്ള ശ്രമവും വനംവകുപ്പ് ശക്തിപ്പെടുത്തിയിട്ടുണ്ട്. മനുഷ്യനെ ആക്രമിക്കുന്ന കടുവയാണെന്ന് സ്ഥിരീകരിച്ചതോടെ വെടിവെച്ച് കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടിട്ടുണ്ട്.
കടുവ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ പൂതാടി പഞ്ചായത്തിലെ 11ാം വാര്‍ഡിലെ നിരോധനാജ്ഞ ഈ മാസം 19 വരെ നീട്ടിയിട്ടുണ്ട്. കടുവയെ പിടികൂടാനുള്ള ശ്രമത്തിന്റെ ഭാഗമായി രണ്ട് കുങ്കിയാനകളെ കളത്തിലിറക്കിയിരിക്കുകയാണ് ഇപ്പോള്‍ വനംവകുപ്പ്. ഒരുകാലത്ത് വയനാടന്‍ മലനിരകളില്‍ ഭീതി പടര്‍ത്തിയ വടക്കനാട് കൊമ്പന്‍ എന്ന വിക്രവും കല്ലൂര്‍ കൊമ്പന്‍ എന്ന ഭരതുമാണ് കടുവയെ പിടിക്കാനായി എത്തിയ കുങ്കിയാനകള്‍.
ക്ഷീരകര്‍ഷകനായ പ്രജീഷ് പുല്ലരിയാന്‍ പോയപ്പോഴാണ് കടുവയുടെ ആക്രമണമുണ്ടായത്. കാട്ടുപന്നിയോ മറ്റോ ആണെന്ന് കരുതിയാണ് കടുവ യുവാവിനെ ആക്രമിച്ചതെന്നാണ് വനംവകുപ്പ് കരുതുന്നത്. ഈ പ്രദേശത്ത് കടുവയുടെ സാന്നിദ്ധ്യം ഇപ്പോഴുമുണ്ടെന്ന് അധികൃതര്‍ പറയുന്നു. ധാരാളം കുറ്റിക്കാട് നിറഞ്ഞ പ്രദേശമായതിനാല്‍ കടുവ ഇതിനിടയില്‍ ഇരിപ്പുറപ്പിച്ചാല്‍ കണ്ടെത്തുക ബുദ്ധിമുട്ടാണ്. അത് പരിഹരിക്കാന്‍ ആനപ്പുറത്ത് ഇരുന്നും തിരച്ചില്‍ നടത്തും.
ആനപ്പുറത്ത് തിരച്ചില്‍ നടത്തുമ്പോള്‍ കടുവയെ കണ്ടത്തിയാല്‍ മയക്കുവെടി വെക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കടുവയുടെ അക്രമണത്തില്‍ ശനിയാഴ്ചയാണ് ബത്തേരി വാകേരിയില്‍ കൂടല്ലൂര്‍ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പില്‍ പ്രജീഷ് കൊല്ലപ്പെട്ടത്. പുല്ലരിയാന്‍ പോയ പ്രജീഷിനെ കാണാതായതോടെ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് മൃതദേഹം വയലില്‍ കണ്ടെത്തിയത്.
നരഭോജിക്കടുവയെ കണ്ടെത്താന്‍ വനം വകുപ്പ് 80 പേരടങ്ങിയ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍, ഷൂട്ടേഴ്സ്, പട്രോളിങ് സംഘം എന്നിവര്‍ ഇതില്‍ ഉള്‍പ്പെടും. ലൈവ് ട്രാപ് ക്യാമറ ഉള്‍പ്പെടെ 25 ക്യാമറകള്‍, കൂടുകള്‍, തോക്ക് എന്നിവയും ടീമിന്റെ ആവശ്യത്തിനായി അനുവദിച്ചതായി മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. വനം വകുപ്പ് പ്രദേശത്ത് ജാഗരൂകരായി പ്രവര്‍ത്തിക്കുകയാണെന്നും പ്രദേശവാസികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.