david-warner

പെര്‍ത്ത്: പരമ്പരയ്ക്ക് മുമ്പ് മുന്‍ സഹതാരം മിച്ചല്‍ ജോണ്‍സന്‍ ഉന്നയിച്ച ആരോപണങ്ങളൊന്നും തന്നെ ഏശിയിട്ടില്ലെന്ന് തെളിയിക്കുന്ന പ്രകടനവുമായി ഡേവിഡ് വാര്‍ണര്‍. പാകിസ്ഥാനെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 37കാരന്‍ തകര്‍ത്താടിയപ്പോള്‍ ഓസ്‌ട്രേലിയ ശക്തമായ നിലയില്‍.

തകര്‍പ്പന്‍ സെഞ്ച്വറി (164) നേടിയ ഇടങ്കയ്യന്‍ ഓപ്പണറുടെ മികവില്‍ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 346 റണ്‍സ് എന്ന നിലയിലാണ്.

16 ഫോറും നാല് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഡേവിഡ് വാര്‍ണറുടെ ഇന്നിംഗ്‌സ്. മികച്ച തുടക്കം മുതലാക്കാന്‍ മറ്റ് ബാറ്റര്‍മാര്‍ക്ക് കഴിയാതെ വന്നപ്പോള്‍ ഒരറ്റത്ത് നിന്ന് വാര്‍ണര്‍ ആക്രമിച്ച് കളിച്ചത് പാകിസ്ഥാന്‍ ബൗളര്‍മാര്‍ക്ക് ആധിപത്യം സ്ഥാപിക്കുന്നതിന് തടസ്സമായി.

ഒന്നാം വിക്കറ്റില്‍ ഉസ്മാന്‍ ഖവാജ (41) യുമൊത്ത് 126 റണ്‍സിന്റെ സെഞ്ച്വറി കൂട്ടുകെട്ട് വാര്‍ണര്‍ സ്ഥാപിച്ചിരുന്നു. സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയാണ് ഈ കൂട്ടുകെട്ട് പൊളിച്ച് പാകിസ്ഥാന് ബ്രേക്ത്രൂ സമ്മാനിച്ചത്.

പിന്നീട് വന്ന മാര്‍നസ് ലാബുഷേന്‍ (16), സ്റ്റീവ് സ്മിത്ത് (31) എന്നിവരെ ഫഹീം അഷറഫും ഖുറാം ഷഹ്‌സാദും മടക്കി. ലോകകപ്പ് ഹീറോ ട്രാവിസ് ഹെഡ് (40) റണ്‍സ് നേടി പുറത്തായി. തൊട്ടുപിന്നാലെ വാര്‍ണറും മടങ്ങി. ആമിര്‍ ജമാലാണ് രണ്ട് ബാറ്റര്‍മാരേയും പുറത്താക്കിയത്.

കളി നിര്‍ത്തുമ്പോള്‍ മിച്ചല്‍ മാര്‍ഷ് (15*), വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി (14*) എന്നിവരാണ് ക്രീസില്‍. പാകിസ്ഥാന് വേണ്ടി ആമിര്‍ ജമാല്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഫഹീം അഷറഫ്, ഖുറാം ഷഹസാദ്, ഷഹീന്‍ ഷാ അഫ്രീദി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.