
മോസ്കോ: യുക്രെയിനിൽ റഷ്യയുടെ 6,17,000 സൈനികർ പോരാടുന്നെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ഇതിൽ, 2,44,000 പേർ കരാറടിസ്ഥാനത്തിൽ സൈന്യത്തോടൊപ്പം ചേർന്നവരാണ്. ഇന്നലെ മോസ്കോയിൽ നടന്ന വാർഷിക വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ യുക്രെയിനിൽ അധിനിവേശം ആരംഭിച്ച ശേഷം പുട്ടിൻ നടത്തുന്ന ആദ്യ വാർഷിക വാർത്താ സമ്മേളനമാണിത്. യുക്രെയിനിൽ റഷ്യയുടെ ലക്ഷ്യങ്ങൾ നേടുന്നതുവരെ സമാധാനം അകലെയാണ്. യുക്രെയിൻ സൈന്യത്തെ പിൻവലിക്കാനും നിഷ്പക്ഷ നിലപാട് സ്വീകരിക്കാനും തയാറായാൽ അത് സാദ്ധ്യമാകും. യുക്രെയിൻ ചർച്ചകൾ ആഗ്രഹിക്കുന്നില്ല. അതിനാൽ തങ്ങൾ സൈനിക നടപടികളടക്കമുള്ള മാർഗ്ഗങ്ങളുമായി മുന്നോട്ടുപോകുന്നു. യുക്രെയിനിലേക്ക് നിലവിൽ കൂടുതൽ റിസേർവ് സൈനികരെ വിന്യസിക്കേണ്ടതില്ല.
4,86,000 പേർ ഇതുവരെ കരാടിസ്ഥാനത്തിൽ സൈനിക സേവനത്തിന് സ്വമേധയാ ഒപ്പിട്ടെന്നും പുട്ടിൻ വ്യക്തമാക്കി. യുക്രെയിൻ നാറ്റോ സൈനിക സഖ്യത്തിൽ ചേരാൻ ഒരുങ്ങിയതാണ് അധിനിവേശം ആരംഭിക്കാനുള്ള പ്രധാനകാരണമായി റഷ്യ ഉയർത്തിക്കാട്ടിയത്. മാദ്ധ്യമ പ്രവർത്തകർക്കൊപ്പം ചോദ്യങ്ങളുന്നയിക്കാൻ പൊതുജനങ്ങൾക്കും അവസരം നൽകി. വരുന്ന മാർച്ചിൽ നടക്കുന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ അഞ്ചാം തവണയും മത്സരത്തിന് ഒരുങ്ങുകയാണ് 71കാരനായ പുട്ടിൻ.