
തൃശൂർ : കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട പണം ബാങ്കിലെ സി.പി.എം അക്കൗണ്ടിലേക്കും എത്തിയിട്ടുണ്ടെന്ന് ഇ.ഡി കോടതിയിൽ വ്യക്തമാക്കി. കള്ളപ്പണ ഇടപാടിൽ സി.പി.എം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി.ആർ. അരവിന്ദാക്ഷന്റെ തട്ടിപ്പ് മഞ്ഞുമലയുടെ അറ്റം മാത്രമെന്നും ഇ.ഡി കോടതിയെ അറിയിച്ചു. അരവിന്ദാക്ഷന്റെ ജാമ്യഹർജി പരിഗണിക്കുമ്പോഴായിരുന്നു ഇ.ഡി ഇക്കാര്യങ്ങൾ അറിയിച്ചത്.
സി.പി.എമ്മിന് കരുവന്നൂർ ബാങ്കിൽ പ്രത്യേക അക്കൗണ്ട് ഉണ്ടെന്ന് ഇ.ഡി നേരത്തെ കണ്ടെത്തിയിരുന്നു. നിയമവിരുദ്ധമായി വായ്പകൾ അനുവദിക്കാൻ അരവിന്ദാക്ഷൻ ബാങ്ക് ഭരണസമിതിയെ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇ..ഡി പറഞ്ഞു. കേസിലെ പ്രതി സതീഷ്‌കുമാറിന് അനധികൃതമായി ഇടപാടുകൾ നടത്താൻ മന്ത്രിമാർ ഉൾപ്പെടെയുള്ളവരെ അരവിന്ദാക്ഷനിലൂടെയാണ് സ്വാധീനിക്കാൻ ശ്രമിച്ചതെന്നും ഇ.ഡി വ്യക്തമാക്കി. കേസിൽ മുഖ്യപ്രതിയായ സതീഷിന്റെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. കേസിൽ അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ തള്ളണമെന്നും ഇ.ഡി കോടതിയിൽ ആവശ്യപ്പെട്ടു. ഹർജി 21ന് പരിഗണിക്കാനായി മാറ്റി.