football

പാരീസ് : കഴിഞ്ഞരാത്രി നടന്ന യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രാഥമിക റൗണ്ടിലെ അവസാന മത്സരങ്ങളിൽ സമനില നേടി പാരീസ് എസ്.ജിയും വിജയം നേടി എഫ്.സി പോർട്ടോയും പ്രീ ക്വാർട്ടറിലേക്ക് കടന്നു. അവസാന മത്സരത്തിൽ ആന്റ്‌വെർപ്പിനോട് തോറ്റെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായി ബാഴ്സലോണ അവസാന 16 ലെത്തിയിട്ടുണ്ട്.

ജർമ്മൻ ക്ളബ് ബൊറൂഷ്യ ഡോർട്ട്മുണ്ടിനെതിരെ 1-1ന് സമനിലയിൽ പിരിഞ്ഞ പാരീസ് എസ്.ജി ഗ്രൂപ്പ് എഫിൽ ഡോർട്ട്മുണ്ടിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് പ്രീ ക്വാർട്ടറിലെത്തിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ എ.സി മിലാൻ ന്യൂകാസിലിനെ 2-1ന് തോൽപ്പിച്ചെങ്കിലും ഇരുവരും നോക്കൗട്ടിൽ കടന്നില്ല. മിലാനും പി.എസ്.ജിയും 8 പോയിന്റ് വീതമാണ് നേടിയതെങ്കിലും ഗോൾ മാർജിൻ ഫ്രഞ്ച് ക്ളബിന് തുണയായി.

തുർക്കി ക്ളബ് ഷാക്തർ ഡോണെസ്കിനെ 5-3ന് തോൽപ്പിച്ച എഫ്.സി പോർട്ടോ ഗ്രൂപ്പ് എച്ചിൽ ബാഴ്ലോണയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി. ബാഴ്സയെ കഴിഞ്ഞരാത്രി ആന്റ്‌വെർപ് 3-2നാണ് തോൽപ്പിച്ചത്. ലാസിയോയെ ലാസ്റ്റ് മാച്ചിൽ 2-0ത്തിന് തോൽപ്പിച്ച അത്‌ലറ്റിക്കോ മാഡ്രിഡ് ഗ്രൂപ്പ് ഇയിൽ ഒന്നാമതായി. ലാസിയോയാണ് രണ്ടാമത്. ക്രെവ്ന സെസ്ദയെ 3-2ന് തോൽപ്പിച്ച മാഞ്ചസ്റ്റർ സിറ്റിയാണ് ഗ്രൂപ്പ് ജി ജേതാക്കൾ. ഇതോടെ ചാമ്പ്യൻസ് ലീഗിന്റെ പ്രാഥമിക ഗ്രൂപ്പ് റൗണ്ട് പൂർത്തിയായി.

പ്രീക്വാർട്ടറിലെത്തിയവർ

ബയേൺ മ്യൂണിക്ക്,കോപ്പൻ ഹേഗൻ,ആഴ്സനൽ,പി.എസ്.വി, റയൽ മാഡ്രിഡ്,നാപ്പോളി,റയൽ സോസിഡാഡ്,ഇന്റർ മിലാൻ, അത്‌ലറ്റിക്കോ മാഡ്രിഡ്, ലാസിയോ, ഡോർട്ട്മുണ്ട്,പി.എസ്.ജി,മാഞ്ചസ്റ്റർ സിറ്റി,ലെയ്പ്സിഗ്,ബാഴ്സലോണ,പോർട്ടോ.