pic

വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ്‌ ജോ ബൈഡനെതിരെ ഇംപീച്ച്‌മെന്റ് അന്വേഷണം നടത്താൻ ജനപ്രതിനിധിസഭയുടെ ഔദ്യോഗിക അംഗീകാരം. ഇതിനായി സഭയിൽ അവതരിപ്പിച്ച പ്രമേയം 221 - 212 എന്ന നിലയിൽ പാസായി. ബൈഡന്റെ വീഴ്ചകൾക്കെതിരെ തെളിവുകളില്ലാതെയാണ് റിപ്പബ്ലിക്കൻമാർക്ക് ഭൂരിപക്ഷമുള്ള സഭ അന്വേഷണവുമായി നീങ്ങാൻ തീരുമാനിച്ചത്.

ബൈഡന്റെ മകൻ ഹണ്ടർ ബൈഡന്റെ അന്താരാഷ്ട്ര ബിസിനസ് ഇടപാടുകൾ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. ഹണ്ടർ തന്റെ സ്വാധീനം ഉപയോഗിച്ച് യുക്രെയിനിലും ചൈനയിലും നടത്തിയ ഇടപാടുകളിൽ നിന്ന് ബൈഡനും കുടുംബവും ലാഭം നേടിയെന്ന് റിപ്പബ്ലിക്കൻമാർ ആരോപിക്കുന്നു. എന്നാൽ ബൈഡൻ വൈസ് പ്രസിഡന്റായിരിക്കെയാണ് ഇടപാടുകൾ നടത്തിയതെന്നും പറയുന്നു. ആരോപണം അടിസ്ഥാന രഹിതമാണെന്ന് ബൈഡനും വൈറ്റ്‌ഹൗസും വ്യക്തമാക്കി.

അടുത്ത വർഷം നടക്കുന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി ബൈഡൻ വീണ്ടും മത്സരിക്കാനിരിക്കെയാണ് റിപ്പബ്ലിക്കൻമാരുടെ നീക്കം.

അതേ സമയം, അന്വേഷണം ഇംപീച്ച്മെന്റ് വിചാരണയിലെത്തിയാലും ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള സെനറ്റിന് ബൈഡനെ കുറ്റവിമുക്തനാക്കാൻ കഴിയും.