crime

കൊല്ലം: പരീക്ഷയ്ക്ക് പോകാന്‍ ഒരുങ്ങവേ വീട്ടില്‍ അതിക്രമിച്ച് കയറി കഴുത്തില്‍ കത്തിവെച്ച് ബിരുദ വിദ്യാര്‍ത്ഥിനിയെ പീഡിപിച്ച കേസില്‍ പ്രതിക്ക് 15 വര്‍ഷം കഠിനതടവ് ശിക്ഷ. ഇതോടൊപ്പം 60,000 രൂപ പിഴയും അടയ്ക്കണം. പുനലൂര്‍ സ്വദേശി അനീഷ് കുമാറിനെയാണ് പുനലൂര്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജി കെ.എം സുജ ശിക്ഷിച്ചത്.

2018 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി പരീക്ഷയ്ക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് പ്രതി വീട്ടില്‍ അതിക്രമിച്ച് കയറിയത്. തുടര്‍ന്ന് കൈയില്‍ കരുതിയ കത്തി കാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.

അന്നത്തെ കുന്നിക്കോട് സബ് ഇന്‍സ്‌പെക്ടര്‍ ഗോപകുമാറാണ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍. പീഡനക്കേസില്‍ 16 പേരെയാണ് സാക്ഷിചേര്‍ത്തത്. അതേസമയം, മറ്റൊരു സ്ത്രീയെ ആക്രമിച്ച കേസില്‍ തമിഴ്‌നാട്ടിലെ ജയിലില്‍ കഴിയുകയായിരുന്ന പ്രതിയെ അവിടെ നിന്നാണ് ശിക്ഷാവിധി കേള്‍ക്കാന്‍ പുനലൂരിലെ കോടതിയില്‍ എത്തിച്ചത്.

ഈ വര്‍ഷം ഫെബ്രുവരി 16ന് ആയിരുന്നു തെങ്കാശി റെയില്‍വേ ഗേറ്റിലെ ജീവനക്കാരിയായ മലയാളി യുവതിയെ ഇയാള്‍ ആക്രമിച്ചത്. തെങ്കാശി പാവൂര്‍സത്രത്തിലെ റെയില്‍വേ ജീവനക്കാരിയേയാണ് ഇയാള്‍ ഉപദ്രവിച്ചത്. സ്ത്രീകളെ ശല്യം ചെയ്യുന്നതും ആക്രമിക്കുന്നതും ഇയാളുടെ സ്ഥിരം സ്വഭാവമാണ്.