
ദുബായ്: ഐക്യരാഷ്‌ട്ര സഭയുടെ കോപ് 28 കാലാവസ്ഥാ ഉച്ചകോടിയുടെ അന്തിമ കരാറിനെ സ്വാഗതം ചെയ്യുന്നതായി ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ച പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു. ആഗോള താപനത്തിന് കാരണമാകുന്ന ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ ബുധനാഴ്ച അവസാനിച്ച ഉച്ചകോടിയിൽ ധാരണയായിരുന്നു. ഇന്ത്യയടക്കം 200ഓളം രാജ്യങ്ങൾ കരാറിൽ ഒപ്പിട്ടു. ഉച്ചകോടിയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് കൽക്കരി, പ്രകൃതി വാതകം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ ധാരണയിലെത്തുന്നത്. എന്നാൽ, ഇവയുടെ ഉപയോഗം ഘട്ടംഘട്ടമായി ഇല്ലാതാക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. പുനരുപയോഗ ഊർജശേഷി 2030ഓടെ മൂന്നിരട്ടിയാക്കുക, കാർബൺ ക്യാപ്ചർ പോലുള്ള സാങ്കേതികവിദ്യകൾ ത്വരിതപ്പെടുത്തൽ, കാര്യക്ഷമമല്ലാത്ത ഫോസിൽ ഇന്ധന സബ്സിഡികൾ എത്രയും വേഗം നിറുത്തലാക്കുക തുടങ്ങിയ തീരുമാനങ്ങളും ഉച്ചകോടിയിൽ അംഗീകരിച്ചു.