court

കട്ടപ്പന: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ചുകൊന്ന കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യത സംശയകരമാണെന്ന് കോടതി നിരീക്ഷിച്ചു. കൊലപാതകം നടന്ന് ഒരു ദിവസം കഴിഞ്ഞാണ് അന്വേഷണ ഉദ്യോഗസ്ഥൻ സംഭവസ്ഥലം സന്ദർശിച്ചത്. സ്ഥലത്തുനിന്നുള്ള തെളിവുകൾ ശേഖരിക്കുന്നതിൽ ഉദ്യോഗസ്ഥന് വലിയ വീഴ്ച പറ്റി. വിരലടയാള വിദഗ്ദ്ധനെ കൊണ്ട് പരിശോധിപ്പിക്കുന്നതിലും വീഴ്ചയുണ്ട്. ശാസ്ത്രീയമായ തെളിവുകൾ സ്വീകരിക്കുന്നതിലും കൃത്യതയുണ്ടായില്ല. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായും വിധിയിൽ പറയുന്നു. എന്നാൽ, ലൈംഗിക ചൂഷണം നടന്നെന്നുള്ള വാദം കോടതി അംഗീകരിച്ചു. കേസിൽ അർജുനെതിരെ സാഹചര്യ തെളിവുകളും സംശയിക്കുന്ന വിവരങ്ങളും മാത്രമാണ് അന്വേഷണ സമയത്ത് പൊലീസിന്റെ പക്കലുണ്ടായിരുന്നത്. എന്നാൽ, വേണ്ട ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ പൊലീസിനായിട്ടില്ല.

പ്രതിക്കെതിരെ പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തണമെന്നാവശ്യപ്പെട്ട് ബാലികയുടെ അച്ഛൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ രണ്ടുപേരും പട്ടികജാതി വിഭാഗത്തിലുള്ളവരാണെന്ന് കണ്ടെത്തിയ കോടതി ഇതനുവദിച്ചില്ല. പ്രോസിക്യൂഷനു വേണ്ടി സർക്കാർ പ്രത്യേകം നിയമിച്ച സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സുനിൽ മഹേശ്വരൻ പിള്ളയാണ് കോടതിയിൽ ഹാജരായത്.

കൊടുംക്രൂരത രണ്ടു വർഷം മുമ്പ്
2021 ജൂൺ 30നാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ ആറു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കിയത്. കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡനത്തിന് ഇരയായിരുന്നതായും കൊലപാതകമാണെന്നും കണ്ടെത്തി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സമീപവാസിയായ അർജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്. അന്ന് പൊലീസ് നൽകിയ വിവരം ഇങ്ങനെ: കൊലപാതകം നടന്ന ദിവസം ഉച്ചയോടെ അർജുൻ വീട്ടിലെത്തിയപ്പോൾ കുട്ടിയുടെ രക്ഷിതാക്കൾ ജോലിക്ക് പോയിരുന്നു. തനിച്ചിരുന്ന് ടി.വി കാണുകയായിരുന്ന കുട്ടിയെ മിഠായി നൽകി സമീപത്തെ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു. ഇതിനിടെ ബോധരഹിതയായി. മരിച്ചെന്ന് തെറ്റിദ്ധരിച്ച് വാഴക്കുല തൂക്കിയിരുന്ന ഉത്തരത്തിലെ കയറിൽ കെട്ടിത്തൂക്കി. ഈ സമയത്ത് കുട്ടി പിടഞ്ഞ് മരിക്കുകയായിരുന്നു. തുടർന്ന് കൺപോളകൾ കൈകൊണ്ട് അടച്ചു. വാതിൽ അകത്ത് നിന്നടച്ച അർജുൻ ഗ്രില്ലില്ലാത്ത ജനലിലൂടെ പുറത്തുകടന്ന് വീട്ടിലേക്ക് മടങ്ങി. വൈകിട്ട് മൂന്നോടെ 17കാരനായ സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു വയസ് മുതൽ പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. പ്രതിക്ക് ഈ വീട്ടിൽ ലഭിച്ച സ്വാതന്ത്ര്യവും മാതാപിതാക്കൾ ജോലിയ്ക്ക് പോകുന്ന സമയവും മുതലെടുത്താണ് പീഡനം തുടർന്നത്. ഇതിനായി കുട്ടിക്ക് പ്രതി മിഠായി വാങ്ങി നൽകിയിരുന്നു.