
മൂന്നാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് 106 റൺസ് ജയം , പരമ്പര 1-1ന് സമനിലയിൽ
സൂര്യകുമാർയാദവിന് സെഞ്ച്വറി, കുൽദീപ് യാദവിന് അഞ്ചുവിക്കറ്റിന്
ജോഹന്നാസ് ബർഗ് : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അവസാന ട്വന്റി-20യിൽ 106 റൺസ് ജയം നേടിയ ഇന്ത്യ മൂന്ന് മത്സരപരമ്പര 1-1ന് സമനിലയിലാക്കി. ആദ്യ മത്സരം മഴയെടുത്തപ്പോൾ രണ്ടാം മത്സരം ദക്ഷിണാഫ്രിക്കയാണ് ജയിച്ചത്. ഇന്നലെ ജോഹന്നാസ് ബർഗിൽ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നായകൻ സൂര്യകുമാർ യാദവിന്റെ സെഞ്ച്വറിയുടെയും (100)യശ്വസി ജയ്സ്വാളിന്റ അർദ്ധസെഞ്ച്വറിയുടെയും (60 മികവിൽ ) നിശ്ചിത 20 ഓവറിൽ എന്ന സ്കോർ ഉയർത്തി. മറുപടിക്കിറങ്ങിയ ആതിഥേയർ 13.5 ഓവറിൽ 95 റൺസിന് ആൾഒൗട്ടാവുകയായിരുന്നു. അഞ്ചുവിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും ചേർന്നാണ് ദക്ഷിണാഫ്രിക്കയെ ചുരുട്ടിയത്.
ഓപ്പണർ ശുഭ്മാൻ ഗില്ലിനെയും (12) ഫസ്റ്റ് ഡൗൺ തിലക് വർമ്മയേയും (0) തുടക്കത്തിലേ നഷ്ടമായെങ്കിലും അർദ്ധസെഞ്ച്വറികൾ നേടിയ യശ്വസി ജയ്സ്വാളും സൂര്യകുമാർ യാദവും പിടിച്ചുനിന്നതാണ് ഇന്ത്യയെ മുന്നോട്ടുനയിച്ചത്. മൂന്നാം ഓവറിലെ അടുത്തടുത്ത പന്തുകളിൽ സ്പിന്നർ കേശവ് മഹാരാജാണ് ഗില്ലിനെയും തിലകിനെയും മടക്കി അയച്ചത്. ആറു പന്തിൽ മൂന്നു ഫോറടിച്ച ഗില്ലിനെ കേശവ് എൽ.ബിയിൽ കുരുക്കുകയായിരുന്നു. തൊട്ടടുത്തപന്തിൽ തിലകിനെ മാർക്രം പിടികൂടിയതോടെ ഇന്ത്യ 29/2 എന്ന നിലയിലായി.
പിന്നീട് ക്രീസിലെത്തിയ നായകൻ സൂര്യകുമാർ യശ്വസിക്ക് പിന്തുണ നൽകിയതോടെ ഇന്ത്യ വീണ്ടും മുന്നോട്ടുനീങ്ങി. പത്തോവറിൽ 87/2 എന്ന നിലയിലായിരുന്നു ഇന്ത്യ. നേരിട്ട 34-ാമത്തെ പന്തിൽ അർദ്ധസെഞ്ച്വറി തികച്ച യശ്വസി വൈകാതെ മടങ്ങി. 41 പന്തുകളിൽ ആറു ഫോറും മൂന്ന് സിക്സും പറത്തിയ യശ്വസിയെ ഷംസിയാണ് മടക്കി അയച്ചത്.തുടർന്ന് സൂര്യ സെഞ്ച്വറിയിലേക്ക് കുതിച്ചു.അവസാന ഓവറുകളിലാണ് ഇന്ത്യയ്ക്ക് വിക്കറ്റുകൾ നഷ്ടമായത്.56 പന്തുകളിൽ ഏഴു ഫോറുകളുടെയും എട്ട് സിക്സുകളുടെയും അകമ്പടിയോടെയാണ് സൂര്യ സെഞ്ച്വറിയിലെത്തിയത്.
മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കൻ നിരയിൽ ഡേവിഡ് മില്ലർ (35), എയ്ഡൻ മാർക്രം (25), ഡൊണോവൻ ഫെരേര (12) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കടക്കാൻ കഴിഞ്ഞത്. മുകേഷും അർഷ്ദീപും ഓരോ വിക്കറ്റ് വീഴ്ത്തിയപ്പോൾ പിന്നീട് ജഡേജയും കുൽദീപും ചേർന്ന് ചിതറിക്കുകയായിരുന്നു.
4
തന്റെ കരിയറിലെ നാലാമത്തെ അന്താരാഷ്ട്ര ട്വന്റി-20 സെഞ്ച്വറിയാണ് ഇന്നലെ സൂര്യകുമാർ നേടിയത്.
3
തന്റെ കരിയറിലെ മൂന്നാമത്തെ അന്താരാഷ്ട്ര ട്വന്റി-20 അർദ്ധ സെഞ്ച്വറിയാണ് ഇന്നലെ യശ്വസി ജയ്സ്വാൾ നേടിയത്.
112
റൺസാണ് യശ്വസിയും സൂര്യയും മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്.