photo

ആലപ്പുഴ : വീടിനോട് ചേർന്ന റോഡിൽ പാർക്ക് ചെയ്തിരുന്ന ഇന്നോവ കാർ മോഷ്ടിച്ച യുവാവിനെ നൂറനാട് പൊലീസ് അറസ്റ്റു ചെയ്തു. താമരക്കുളം മേക്കുംമുറിയിൽ ഷാജിക്കുട്ടി വിലാസം വീട്ടിൽ ഷിയാസിനെയാണ് (മുന്ന-20) സി.ഐ പി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. കഴിഞ്ഞ 27നായിരുന്നു കേസിനാസ്പദമായ സംഭവം.

താമരക്കുളം മേക്കുംമുറിയിൽ ഷാഹിനാ മൻസിലിൽ ഷാജിമോൻ തന്റെ ഉടമസ്ഥതയിലുള്ള ഇന്നോവ കാർ, സഹോദരൻ നൗഷാദ് താമസിക്കുന്ന താമരക്കുളത്തെ വീടിനു മുൻവശം പാർക്ക് ചെയ്തിട്ട് അര മണിക്കൂർ കഴിഞ്ഞ് മടങ്ങി വന്നപ്പോൾ കാർ കാണാനില്ലായിരുന്നു. തുടർന്ന് നൂറനാട് പൊലീസിൽ വിവരമറിച്ചു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി കുടുങ്ങുകയായിരുന്നു. മോഷ്ടിച്ച കാർ കായംകുളം റെയിൽവേ സ്റ്റേഷനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഒളിവിലായിരുന്ന ഷിയാസിനെ കായംകുളത്ത് നിന്ന് കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. ഇയാൾക്കെതിരെ നിരവധി കേസുകൾ നൂറനാട് സ്റ്റേഷനിൽ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ എസ്.നിതീഷ്, എ.എസ്.ഐ രാജേന്ദ്രൻ, സി.പി.ഒമാരായ മനു, വിഷ്ണു, അനി, പ്രവീൺ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.