
പഞ്ചാബ് എഫ്.സിയെ 1-0ത്തിന് തോൽപ്പിച്ച് കേരള ബ്ളാസ്റ്റേഴ്സ്
ന്യൂഡൽഹി : പഞ്ചാബ് എഫ്.സിക്ക് എതിരായ ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ച് കേരള ബ്ളാസ്റ്റേഴ്സ്. ഇന്നലെ ന്യൂഡൽഹിയിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. 51-ാം മിനിട്ടിൽ അയ്‌മനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയിൽ നിന്ന് ഡിമിത്രിയോസ് ഡയമന്റക്കോസാണ് ബ്ളാസ്റ്റേഴ്സിനായി സ്കോർ ചെയ്തത്. ഈ സീസണിലെ പത്താം മത്സരത്തിൽ ആറാം വിജയം നേടിയ ബ്ളാസ്റ്റേഴ്സ് 20 പോയിന്റുമായി പട്ടികയിൽ എഫ്.സി ഗോവയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ്.
കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ വിജയിക്കാൻ കഴിയാതിരുന്ന കേരള ബ്ളാസ്റ്റേഴ്സ് ഇതോടെ വിജയ വഴിയിൽ തിരിച്ചെത്തി.
8 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി എഫ്.സി ഗോവയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
ഈ സീസണിലെ 10 മത്സരങ്ങളിൽ ഇതുവരെ ഒരു വിജയം പോലും നേടാൻ കഴിയാത്ത ടീമാണ് പഞ്ചാബ് എഫ്.സി. അവരുടെ അഞ്ചാമത്തെ തോൽവിയായിരുന്നു ഇന്നലത്തേത്.
20 പാസുകൾ പൂർത്തിയാക്കുകയും ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ മികവ് കാട്ടുകയും ചെയ്ത ഡയമന്റക്കോസാണ് മത്സരത്തിലെ മികച്ച താരം