palakkad

കൊട്രവൈ


പാലക്കാട് ജില്ലയില്‍ കളപ്പെട്ടി ഗ്രാമത്തിലെ ,ഇരവ മന്നാട്ടില്‍ തറവാട്ടുകാരുടെ മൂകാംബിക ക്ഷേത്രത്തില്‍ വച്ച്,12 ആം നൂറ്റാണ്ടിലെതെന്ന് കരുതപ്പെടുന്ന കൊട്രവൈ വിഗ്രഹം കണ്ടെത്തി.കാലപ്പഴക്കത്താല്‍ തേയ്മാനവും കേടു പാടുകളും സംഭവിച്ചിട്ടുണ്ട് ഈ പ്രതിഷ്ഠയ്ക്ക്..തമിഴ് ദേശത്തിലെ അമ്മ ദൈവ സങ്കല്‍പ്പങ്ങളുടെ ആദിമ ഭാവമാണ് കൊട്രവൈ.സംഘ കാലകൃതികളില്‍ ഈ അമ്മയെ കുറിച്ച് ധാരാളം സൂചിപ്പിക്കുന്നുണ്ട്.ഗോത്ര ജനത തങ്ങളുടെ കാവല്‍ ദേവതയായും, ചേരനും ചോളനും, പാണ്ഡ്യനും പല്ലവനും യുദ്ധ ദേവതയായിട്ടുമാണ് കൊട്രവൈയെ ആരാധിച്ച് പോന്നത്.കൊട്രവൈ എന്ന പേരിന് തന്നെ വിജയത്തിന്റെ ദേവത എന്ന് കൂടി അര്‍ത്ഥം ഉണ്ട്.


സംഘ കാലത്ത് തമിഴ് നാട്ടിലെ കരൂരില്‍ നിന്ന് പാലക്കാട്ടെക്ക് വന്ന വെള്ളാം കൂറ് ഗോത്രത്തിലെ ഒരു പരമ്പരയാണ് ഇരവമന്നാട്ടില്‍ തറവാട്ടുകാര്‍. അവരുടെ വേരുകളുടെ സ്വാധീനം തെളിയിക്കുന്ന ഒന്നായി കൂടെ ഈ കൊട്രവൈ സാന്നിധ്യം മാറി.ഏകദേശം 84 സെന്റി മീറ്റര്‍ നീളവും 40 സെന്റി മീറ്റര്‍ വീതിയും കരിങ്കല്ലില്‍ തീര്‍ത്ത ഈ വിഗ്രഹത്തിന് ഉണ്ട്.വൈഷ്ണവ ദുര്‍ഗ സങ്കല്പത്തിലേക്ക് മാറ്റിയ ഈ വിഗ്രഹത്തിന് , തമിഴ് നാട്ടിലെ വിഴുപുരം ഭാഗത്ത് ,പല്ലവ കാലത്ത് നിര്‍മിച്ച ചില കൊട്രവൈ വിഗ്രഹങ്ങളുമായി സാമ്യം ഉണ്ട്.ഒരു പക്ഷെ അന്നീ വിഗ്രഹം നിര്‍മിച്ച ശില്പി ആ വഴി എല്ലാം പോയി കാണണം.കിരീടം ധരിച്ച് ,പോത്തിന്റെ ( മഹിഷം) തലയില്‍ നില്‍ക്കുന്ന ചതുര്‍ബാഹുവായ ഈ പ്രതിഷ്ഠയില് പിന്നിലെ രണ്ട് കയ്യില്‍ ശംഖ് ,ചക്രവും,മുന്നിലെ ഇടത്തേ കൈ ഇടുപ്പില്‍ വച്ചതായും,വലത്തേ കയ്യില്‍ ഒരു ആയുധം ഉള്ളതായും കാണാം.

ആയുധം എന്താണ് എന്ന് കാലപ്പഴക്കത്താല്‍ മനസിലാക്കാന്‍ സാധിക്കുന്നില്ല. ഇതേ രീതിയില്‍ ഉള്ള വൈഷ്ണവ ദുര്‍ഗ സങ്കല്‍പ്പത്തിലേക്ക് മാറ്റിയ കൊട്രവൈ പ്രതിഷ്ഠകള്‍ കൊങ്ങ് നാട്ടിലെ രണ്ടിടങ്ങളില്‍ കാണാന്‍ ആയിട്ടുണ്ട്.ശൈവ ,വൈഷ്ണവ ഭക്തി രസം തമിഴ് ദേശങ്ങളില്‍ പരക്കുന്ന കാലത്ത് കൊട്രവൈ പ്രതിഷ്ഠകളില്‍ ,അതിന്റെ സ്വാധീനം തെളിയിക്കുന്ന ചിഹ്നങ്ങള്‍ വയ്ക്കുന്ന ഒരു പതിവ് ഉണ്ടായിരുന്നു.അതിനാന്‍ നമുക്ക് ഒന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കും, ഈ 12 ആം നൂറ്റാണ്ടിലെ വൈഷ്ണവ ദുര്‍ഗ ഭാവത്തില്‍ ഉള്ള കൊട്രവൈ പ്രതിഷ്ഠയ്ക്ക് മുന്നേ ഇവിടെ മറ്റൊരു കൊട്രവൈ പ്രതിഷ്ഠ ഉണ്ടായിരുന്നു എന്ന്.തമിഴ് നാട്ടിലെ കോയമ്പത്തൂര്‍ ആസ്ഥാനം ആയുള്ള yakkai എന്ന ചരിത്ര സംഘടനയിലെ അംഗങ്ങള്‍ ഇവിടെ വന്നു ഈ കൊട്രവൈയെ കുറിച്ച് ഗവേഷണ നടത്തിയിരുന്നു.അവരില്‍ നിന്ന് ഒരുപാട് വിവരങ്ങള്‍ മനസിലാക്കാന്‍ നമുക്കും സാധിച്ചു.

ചേരന്‍ തന്റെ കുല ദേവതയായി ആരാധിച്ചിരുന്നത് കൊട്രവൈയെയാണ്. കരൂരില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന വഴി അദ്ദേഹം വണങ്ങിയിരുന്ന ചില കൊട്രവൈ ആരാധന കേന്ദ്രങ്ങളെ കുറിച്ച് ഇപ്പോഴും ഞാന്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നുണ്ട്.ആദി ചേരന്റെ കൂടെ കേരളത്തിലേക്ക് വന്ന വെള്ളാം കൂറ് ഗോത്രത്തിന്റെ ചരിത്രത്തിലെ ഒരു പൊന്‍ തൂവലാണ് ഈ കണ്ടെത്തല്‍ എന്ന് നമുക്ക് പറയാന്‍ സാധിക്കും.

(എഴുത്തുകാരനും ചരിത്രാന്വേഷകനുമാണ് ലേഖകന്‍)