
ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ സെഞ്ച്വറി 100(56) യുടെ മികവില്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 201 റണ്‍സ് നേടി.
ഏഴ് ഫോറും എട്ട് സിക്‌സും ഉള്‍പ്പെട്ടതായിരുന്നു രാജ്യന്തര ട്വന്റി-20യിലെ താരത്തിന്റെ നാലാം സെഞ്ച്വറി. ഓപ്പണ്‍ ശുബ്മാന്‍ ഗില്‍ (12), തിലക് വര്‍മ്മ (0) എന്നിവര്‍ പെട്ടെന്ന് മടങ്ങിയപ്പോള്‍ ടീം സ്‌കോര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 29 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് താരം ക്രീസിലെത്തിയത്.
അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ യശ്വസി ജെയ്‌സ്‌വാള്‍ 60(41) റണ്‍സ് നേടി സൂര്യക്ക് മികച്ച പിന്തുണ നല്‍കി. റിങ്കു സിംഗ് 10 പന്തില്‍ 14 റണ്‍സ് നേടി പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ്, ലിസാഡ് വില്യംസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ നാൻഡ്രേ ബര്‍ഗര്‍, തബ്രായിസ് ഷംസി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മത്സരത്തില്‍ തകര്‍പ്പന്‍ ഷോട്ടിലൂടെ ബൗണ്ടറി നേടിയെങ്കിലും നിര്‍ഭാഗ്യം വില്ലനായത് കാരണം ജിതേഷ് ശര്‍മ്മ ഹിറ്റ് വിക്കറ്റായി പുറത്തായി. ഡര്‍ബനിലെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചപ്പോള്‍ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സമനിലയിലാക്കാം