
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വിജയം. ഐ ലീഗില്‍ നിന്ന് സ്ഥാനക്കയറ്റം ലഭിച്ചെത്തിയ പഞ്ചാബ് എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചത്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ 48ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച ദിമിത്രിയോസ് ഡയമന്റാകോസ് ആണ് വിജയഗോള്‍ നേടിയത്.
പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സിന് ആറ് ജയവും രണ്ട് തോല്‍വിയും രണ്ട് സമനിലയും സഹിതം 20 പോയിന്റാണുള്ളത്. ഒന്നാം സ്ഥാനത്തുള്ള എഫ്.സി ഗോവയ്ക്കും ഇതേ പോയിന്റുകളാണെങ്കിലും ഗോള്‍ ശരാശരിയില്‍ ഗോവയാണ് മുന്നിൽ.
വിലക്ക് നേരിടുന്ന പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചും പരിശീലനത്തിനിടെ പരിക്കേറ്റ നായകന്‍ അഡ്രിയന്‍ ലൂണയുമില്ലാതെയായിരുന്നു ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. മത്സരത്തിന്റെ ആദ്യസമയം മുതല്‍തന്നെ ബ്ലാസ്റ്റേഴ്സ് അക്രമിച്ചു കളിച്ചെങ്കിലും ഒന്നാം പകുതിയില്‍ ഗോള്‍ മാത്രം അകന്ന് നിന്നു.
ഇന്നത്തെ ഗോളോടെ സീസണില്‍ ഡയമന്റാകോസിന്റെ ആകെ നേട്ടം അഞ്ച് ഗോളുകളായി. അതേസമയം, സീസണിലെ തങ്ങളുടെ ആദ്യ ജയത്തിനായുള്ള പഞ്ചാബിന്റെ കാത്തിരിപ്പ് നീളുകയാണ്. പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ അഞ്ച് കളികള്‍ തോല്‍ക്കുകയും അത്രയും തന്ന കളികള്‍ സമനിലയില്‍ കലാശിക്കുകയും ചെയ്തു.