
ന്യൂുഡൽഹി : പാർലമെന്റിലുണ്ടായ സുരക്ഷാ വീഴ്‌ച അതീവ ഗുരുതരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. വിഷയത്തിൽ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്നും അമിത് ഷാ ദേശീയ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. സുരക്ഷാ വീഴ്‌ചയിൽ ആഭ്യന്തര മന്ത്രാലയം പാർലമെന്റിൽ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെടുന്നതിനിടെയാണ് അമിത് ഷായുടെ പ്രതികരണം. അതേ സമയം ആഭ്യന്തര മന്ത്രി പ്രസ്താവന നടത്തേണ്ടതില്ലെന്നാണ് സ്പീക്കർ സഭയിൽ അറിയിച്ചത്.
സുരക്ഷ വീഴ്ചയുണ്ടായെന്നത് നിഷേധിച്ചിട്ട് കാര്യമില്ല. ഇക്കാര്യത്തിൽ സ്പീക്കർ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പാർലമെന്റ് സ്പീക്കറുടെ സുരക്ഷയ്ക്ക് കീഴിലാണെന്ന് എല്ലാവർക്കും അറിയാം. സ്പീക്കർ ആവശ്യപ്പെട്ടതനുസരിച്ച് ഉന്നതതല അന്വേഷണ സംഘം രൂപീകരിച്ചതായും അമിത് ഷാ പറഞ്ഞു. ഇതൊരു രാഷ്ട്രീയ പ്രശ്നമാക്കരുതെന്നാണ് അഭ്യർത്ഥിക്കുന്നത്. പാർലമെന്റിന്റെ സുരക്ഷ വർദ്ധിപ്പിക്കുമെന്നും പഴുതടച്ചുള്ള അന്വേഷണമുണ്ടാകണമെന്നും മന്ത്രി ഉറപ്പു നൽകി.