india

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വന്റി-20 മത്സരത്തില്‍ ഇന്ത്യക്ക് 106 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ മറുപടി വെറും 13.5 ഓവറില്‍ 95 റണ്‍സില്‍ അവസാനിച്ചു. മൂന്ന് മത്സരങ്ങളുടെ പരമ്പര (1-1) സമനിലയില്‍ പിരിഞ്ഞു. ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചപ്പോള്‍ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു.

2.5 ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപ് യാദവ് ആണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുകേഷ് കുമാര്‍, അര്‍ഷ്ദീപ് സിംഗ് എ്ന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 35 റണ്‍സ് നേടിയ ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 25 റണ്‍സ് നേടിയ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം, 12 റണ്‍സ് നേടിയ ഡൊണോവാന്‍ ഫെറെയ്‌റ എന്നിവര്‍ മാത്രമാണ് മില്ലര്‍ക്ക് പുറമേ ഒറ്റയക്കം കടന്നത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ സെഞ്ച്വറി 100(56) യുടെ മികവില്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 201 റണ്‍സ് നേടി.ഏഴ് ഫോറും എട്ട് സിക്സും ഉള്‍പ്പെട്ടതായിരുന്നു രാജ്യന്തര ട്വന്റി-20യിലെ താരത്തിന്റെ നാലാം സെഞ്ച്വറി. ഓപ്പണ്‍ ശുബ്മാന്‍ ഗില്‍ (12), തിലക് വര്‍മ്മ (0) എന്നിവര്‍ പെട്ടെന്ന് മടങ്ങിയപ്പോള്‍ ടീം സ്‌കോര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 29 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് താരം ക്രീസിലെത്തിയത്.

അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ യശ്വസി ജെയ്സ്വാള്‍ 60(41) റണ്‍സ് നേടി സൂര്യക്ക് മികച്ച പിന്തുണ നല്‍കി. റിങ്കു സിംഗ് 10 പന്തില്‍ 14 റണ്‍സ് നേടി പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ്, ലിസാഡ് വില്യംസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ നാന്‍്രേഡ ബര്‍ഗര്‍, തബ്രായിസ് ഷംസി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. കെ.എല്‍ രാഹുല്‍ നയിക്കുന്ന ഇന്ത്യ ഇനി മൂന്ന് ഏകദിനങ്ങളാണ് പര്യടനത്തില്‍ അടുത്തതായി കളിക്കുക. ഞായറാഴ്ച ഇതേ വേദിയിലാണ് ഒന്നാം ഏകദിന മത്സരം.