
റെന്നസ്: വടക്കൻ ഫ്രാൻസിലെ റെന്നസ് നഗരത്തിലെ സ്കൂളിൽ അദ്ധ്യാപികയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 12 വയസുകാരി. ബുധനാഴ്ച രാവിലെ ക്ലാസ് എടുക്കുന്നതിനിടെയാണ് അദ്ധ്യാപികയ്ക്ക് നേരെ വധഭീഷണിയുമായി വിദ്യാർത്ഥിനി രംഗത്തെത്തിയത്. സ്കൂൾ ജീവനക്കാർ ചേർന്ന് കുട്ടിയുടെ കൈയ്യിൽ നിന്ന് കത്തി പിടിച്ചുവാങ്ങി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ക്ലാസിലെ മറ്റ് കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നും സ്കൂൾ അധികൃതർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പ്രോസിക്യൂട്ടർമാർ അറിയിച്ചു. കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ മാനസികാരോഗ്യ പരിശോധനകൾക്ക് വിധേയമാക്കുകയാണെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.