
ന്യൂഡൽഹി: പാർലമെന്റ് ആക്രമണക്കേസിലെ പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. ദൃക്‌സാക്ഷികളായ എംപിമാരുടെ മൊഴിയെടുക്കൽ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ സൂത്രധാരൻ ബിഹാർ സ്വദേശി ലളിത് ഝാ ഇന്നലെ രാത്രി കീഴടങ്ങിയിരുന്നു. ഇയാളെ ഡൽഹി പൊലീസ് സ്‌പെഷ്യൽ സെല്ലിന്റെ ഭീകര വിരുദ്ധ സ്‌ക്വാഡ് വിശദമായി ചോദ്യം ചെയ്യും. തുടർന്ന് ലളിത് ഝായെ കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കും.
സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയ്‌ക്കുള്ളിൽ മറുപടി നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പ്രതിഷേധിക്കും. അതേസമയം, കേസിലെ പ്രതികളായ സാഗർ ശർമ, മനോരഞ്ജൻ, നീലം ദേവി, അമോൽ ഷിൻഡെ എന്നിവരെ കോടതി കഴിഞ്ഞ ദിവസം 15 ദിവസം കസ്റ്റഡിയിൽ വിട്ടിരുന്നു.
മനോരഞ്ജനും സാഗർ ശർമ്മയ്ക്കും സഭയിൽ കയറാൻ ബി ജെ പി എം പി പ്രതാപ് സിംഹയുടെ പാസ് എങ്ങനെ കിട്ടിയെന്നതിൽ കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രതാപിനെതിരെ നടപടിയും സുരക്ഷാവീഴ്‌ചയിൽ അമിത് ഷായുടെ വിശദീകരണവും തേടി ഇന്നലെ ലോക്സഭയിൽ ബഹളംവച്ച 14 പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്‌തിരുന്നു.
അതിനിടെ, സുരക്ഷാവീഴ‌്ചയുടെ പേരിൽ ഡൽഹി പൊലീസിലെ ആറും ലോക്‌സഭാ സെക്രട്ടേറിയേറ്റിലെ രണ്ടും ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. വൻ സുരക്ഷാവീഴ്ചയുണ്ടായെന്ന് ഇന്നലെ അമിത് ഷാ ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചിരുന്നു. പാർലമെന്റ് ആക്രമണം ഭീകരാക്രമണത്തിന് സമാനമാണെന്നും ഏതെങ്കിലും ഭീകര സംഘടനയ്ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി.