
മലപ്പുറം: മഞ്ചേരിയിൽ ഭാര്യയുടെ പിതാവിനെ കുത്തിക്കൊന്ന മരുമകൻ പിടിയിൽ. പുല്ലാര സ്വദേശി അയ്യപ്പനെയാണ് (65) മരുമകൻ പ്രിനോഷ് കുത്തിക്കൊന്നത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. കൃത്യം നടത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. പുലർച്ചയോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഭാര്യയുടെ സഹോദരനും പ്രതിയും തമ്മിലുള്ള വഴക്കിനിടെ അയ്യപ്പൻ ഇടപെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. കത്തികൊണ്ട് അയ്യപ്പന്റെ വയറിലും തലയ്ക്കും കുത്തുകയായിരുന്നു. ബന്ധുക്കൾ ഉടൻ മഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അയ്യപ്പന്റെ മൂത്തമകൾ രജനിയുടെ ഭർത്താവാണ് പ്രിനോഷ്.