
കുവൈറ്റ്: പ്രവാസികളുടെ ഫോണുകളിലേക്ക് വൈദ്യുത ബിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ലിങ്ക് സഹിതം വരുന്ന സന്ദേശങ്ങളെ വലിയ ശ്രദ്ധയോടെ സമീപിക്കണമെന്ന് കുവൈത്ത് വൈദ്യുതി-ജല മന്ത്രാലയം. പിഴയടക്കണം എന്നാവശ്യപ്പെട്ട് വൈദ്യുതി മന്ത്രാലയത്തിന്റെ പേര് ദുരുപയോഗം ചെയ്ത് പലർക്കും എസ്എംഎസ് സന്ദേശങ്ങൾ എത്തുന്ന സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇത്തരത്തിൽ വരുന്ന പല സന്ദേശങ്ങളും തട്ടിപ്പുകളാകാൻ സാദ്ധ്യതയുളളവയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരം സന്ദേശങ്ങളുടെ ആധികാരികത ഉറപ്പാക്കാതെ ഒരു കാരണവശാലും പണമടയ്ക്കരുത്. വ്യക്തിപരവും സാമ്പത്തികപരവുമായ വിവരങ്ങൾ പങ്കുവയ്ക്കുമ്പോൾ പ്രവാസികൾ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വിവിധ സ്ഥാപനങ്ങളുടെ പേരിലുള്ള വ്യാജ വെബ്‌സൈറ്റുകൾക്കെതിരെ ശ്രദ്ധ പുലർത്തേണ്ട ആവശ്യകതയെക്കുറിച്ചും മന്ത്രാലയം കൂട്ടിച്ചേർത്തു