saji-cherian

കോട്ടയം: ശബരിമല തിരക്കുമായി ബന്ധപ്പെട്ട പരാമർശത്തിന് മന്ത്രി സജി ചെറിയാനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഡി ജി പിക്ക് പരാതി നൽകി. കോട്ടയം ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷാണ് പരാതി നൽകിയത്. മതസൗഹാർദം തകർക്കാനും കലാപം സൃഷ്ടിക്കാനുമാണ് സാംസ്കാരിക വകുപ്പ് മന്ത്രി ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. പാമ്പാടിയിലെ നവകേരള സദസിൽ മന്ത്രി നടത്തിയ പ്രസ്തവനയ്ക്കെതിരെയാണ് പരാതി.

ശബരിമല വിഷയം രാഷ്ട്രീയ പ്രേരിതമാണെന്ന് ശബരിമല മുൻ മേൽശാന്തി ശങ്കരൻ നമ്പൂതിരി പറഞ്ഞെന്നായിരുന്നു സജി ചെറിയാന്റെ പ്രസ്താവന. നവകേരള സദസ് കോട്ടയത്ത് എത്തിയപ്പോൾ തൊട്ടടുത്തുള്ള ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി ശ്രദ്ധതിരിക്കാൻ ശ്രമം നടത്തുകയാണെന്നും ഇത് അന്വേഷിക്കണമെന്നുമാണ് സജി ചെറിയാൻ പറഞ്ഞത്.

അതേസമയം,​ ശബരിമലയിൽ തീർത്ഥാടകർ നേരിടുന്ന പ്രശ്നങ്ങളിൽ ഹൈക്കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് മുന്നൂറ് പരാതികൾ ലഭിച്ചെന്ന് ദേവസ്വം ബെഞ്ച് അറിയിച്ചിരുന്നു. ശബരിമല തീർത്ഥാടകർക്ക് കോടതി നിർദേശപ്രകാരമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് സർക്കാരിന് ബെഞ്ച് നിർദേശം നൽകി.

തീർത്ഥാടകരിൽ നിന്ന് ഭക്ഷണത്തിനും വാഹന പാർക്കിംഗിനുമായി അമിതമായ ഫീസ് ഈടാക്കുന്നുവെന്ന് പരാതിയുണ്ടെന്നും ഇതിൽ എരുമേലി പഞ്ചായത്ത് വിശദീകരണം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ വിശദീകരണം നൽകുന്നതിന് എരുമേലി പഞ്ചായത്ത് സെക്രട്ടറിയെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേർത്തിരിക്കുകയാണ്.