
ചെന്നൈ: ഹിന്ദി അറിയില്ലെന്ന് പറഞ്ഞതിന് തമിഴ് യുവതിയെ ഗോവ വിമാനത്താവളത്തിൽ അപമാനിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഗോവ ദബോലിം വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെ ശർമിള എന്ന യുവതിക്കാണ് സിഐഎസ്‌എഫ് ഉദ്യോഗസ്ഥനിൽ നിന്ന് ദുരനുഭവം നേരിടേണ്ടി വന്നത്.
സുരക്ഷാ പരിശോധനയ്ക്കിടെ തനിക്ക് ഹിന്ദി അറിയില്ലെന്ന് പറഞ്ഞപ്പോൾ തമിഴ്‌നാട് ഇന്ത്യയിലാണെന്നും രാജ്യത്തെ എല്ലാവരും ഹിന്ദി പഠിക്കണമെന്നുമായിരുന്നു സിഐഎസ്‌എഫ് ഉദ്യോഗസ്ഥന്റെ പ്രതികരണം. ഹിന്ദി ദേശീയ ഭാഷയല്ലെന്നും ഔദ്യോഗിക ഭാഷ മാത്രമാണെന്നും ശർമിള മറുപടി പറഞ്ഞു. തുടർന്ന് ഗൂഗിൾ ചെയ്ത് നോക്കൂവെന്നായി ഉദ്യോഗസ്ഥൻ. ഇന്ത്യയിലെ എല്ലാവരും ഹിന്ദി പഠിക്കണമെന്ന് ഉറക്കെ പ്രഖ്യാപിച്ച് ഉദ്യോഗസ്ഥൻ യുവതിയെ കൂടുതൽ അപമാനിച്ചെന്നും ആരോപണമുണ്ട്. ഇതിൽ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി.
ഹിന്ദി അറിയാത്തതിന്റെ പേരിൽ ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സിഐഎസ്‌എഫ് ഉദ്യോഗസ്ഥരുടെ പീഡനം നേരിടേണ്ടി വരുന്നതും ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയാണെന്ന തെറ്റായ ധാരണ അംഗീകരിക്കാൻ നിർബന്ധിതരാകുന്നതും ആവർത്തിച്ചുള്ള സംഭവമാണ്. ഇത് ഖേദകരമാണെന്നും എം കെ സ്റ്റാലിൻ തമിഴിൽ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
'ശർമിള ചൂണ്ടിക്കാട്ടിയതുപോലെ ഇത് വ്യക്തികളുടെ മാത്രം പ്രശ്‌നമല്ല മറിച്ച്, വ്യവസ്ഥാപരമായ അവബോധമില്ലായ്‌മയാണ്. യാത്രക്കാരോട് എങ്ങനെ പെരുമാറണമെന്ന് സിഐഎസ്‌എഫ് ഉദ്യോഗസ്ഥരെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. നമ്മുടെ രാജ്യത്തിന്റെ സമ്പന്നവും സാംസ്കാരികവും ഭാഷാപരവുമായ വൈവിധ്യത്തെക്കുറിച്ച് അവരെ ബോധവൽക്കരിക്കണം. വിവേചനത്തിന് ഞങ്ങളുടെ ഇന്ത്യയിൽ സ്ഥാനമില്ല. എല്ലാ ഭാഷകൾക്കും തുല്യമായ ബഹുമാനം ഉറപ്പാക്കണം'- മുഖ്യമന്ത്രി വ്യക്തമാക്കി. സിഐഎസ്‌എഫ് ഉദ്യോഗസ്ഥരുടെ ജോലി സുരക്ഷ നിലനിർത്തലാണെന്നും ഹിന്ദി പാഠങ്ങൾ പഠിപ്പിക്കലല്ലെന്നും കായികമന്ത്രി ഉദയനിധി സ്റ്റാലിനും വിമർശിച്ചു.
The recurring incidents of passengers from non-Hindi speaking states facing harassment by #CISF personnel for not knowing Hindi and being forced to accept the misguided notion that Hindi is the national language of India are deeply concerning. As the passenger Sharmilaa rightly…
— M.K.Stalin (@mkstalin) December 14, 2023