selfie

ന്യൂഡൽഹി: പാർലമെന്റിൽ പുകയാക്രമണം നടത്തിയ കേസിൽ അന്വേഷണം പൊലീസ് ശക്തമാക്കിയതിന് പിന്നാലെ സംഭവത്തിലെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന ലളിത് ഝാ തൃണമൂൽ എംഎൽഎ തപസ് റോയിക്കൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവിട്ട് ബിജെപി. ആക്രമണം നടത്തിയ രണ്ടുപേർക്ക് ലോക്‌സഭയിലേക്കുള്ള പാസ് ശുപാർശ ചെയ്തത് മൈസൂരിൽ നിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹയുടെ ഓഫീസാണ്. ഇത് ചൂണ്ടിക്കാട്ടി പാർലമെന്റിലെ സുരക്ഷാ വീഴ്ചയിൽ പ്രതിപക്ഷം ബിജെപിയെ പഴിചാരുന്നതിനിടെയാണ് ചിത്രം പുറത്തുവിട്ടുകൊണ്ട് ബിജെപി തിരിച്ചടിച്ചത്. ബംഗാൾ ബിജെപി അദ്ധ്യക്ഷൻ ഡോ. സുകാന്തോ മജുംദാറാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

ജനാധിപത്യത്തിന്റെ ശ്രീകോവിൽ ആക്രമിച്ചതിലെ സൂത്രധാരനായ ലളിത് ഝായ്ക്ക് തൃണമൂലിലെ തപസ് റോയിയുമായി ദീർഘനാളത്തെ ബന്ധമുണ്ട്. അതിന് ഇതിൽക്കൂടുതൽ എന്ത് തെളിവാണ് വേണ്ടത് എന്നാണ് മജുംദാർ ചിത്രം പുറത്തുവിട്ടുകൊണ്ട് കുറിച്ചത്. മജുംദാർ പോസ്റ്റിൽ പറയുന്ന കാര്യങ്ങൾ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയും പങ്കുവച്ചിട്ടുണ്ട്. ആക്രമണത്തിൽ കോൺഗ്രസിനും സിപിഐയ്ക്കും (മാവോയിസ്റ്റ്) ഇപ്പോൾ തൃണമൂലിനും പങ്കുണ്ടെന്ന് കണ്ടെത്തിയതായും അദ്ദേഹം ആരോപിക്കുന്നുണ്ട്.

Lalit Jha, the mastermind of the attack on our Temple of Democracy, had been in close association with TMC's Tapas Roy for a long time... Isn't this proof enough for investigation into the connivance of the leader? @AITCofficial @TapasRoyAITC @abhishekaitc #shameontmc pic.twitter.com/1PIVnnbGx9

— Dr. Sukanta Majumdar (@DrSukantaBJP) December 14, 2023

അതേസമയം, ലളിത് ഝായെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ പുറത്തുവന്നു. ബീഹാർ സ്വദേശിയായ ഇയാൾ കൊൽക്കത്തയിലെ അദ്ധ്യാപകനാണ്. ഭഗത് സിംഗാണ് ലളിത് ഝായുടെ എല്ലാം എല്ലാം. പാർലമെന്റിൽ കയറിയ കൂട്ടാളികൾ പുക സ്‌പ്രേ എറിയുമ്പോൾ ലളിത് ഝാ ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ആക്രമത്തിന് കൂടുതൽ മാദ്ധ്യമപ്രചാരണം ലഭിക്കാനായി പകർത്തിയ ദൃശ്യങ്ങൾ കൊൽക്കത്ത ആസ്ഥാനമായുള്ള എൻജിഒയുടെ സ്ഥാപകന് അയച്ചുകൊടുക്കുകയും ചെയ്തു. നിലാക്ഷ ഐച്ച് നടത്തുന്ന എൻ‌ജി‌ഒയുടെ ജനറൽ സെക്രട്ടറിയാണ് ലളിത്.

തികച്ചും ശാന്തപ്രകൃതനായ ലളിത് ഇത്തരമൊരു ആക്രമണത്തിന് ചുക്കാൻപിടിക്കുമെന്ന് അയാളെ അടുത്തറിയാവുന്നവർ വിശ്വസിക്കുന്നില്ല. സ്വന്തം നാട്ടിൽ വിദ്യാർത്ഥികൾക്ക് പഠനത്തിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്തിരുന്ന ലളിത് രണ്ടുവർഷം മുമ്പാണ് കൊൽക്കത്തയിലേക്ക് പോയതും അവിടെ അദ്ധ്യാപകനായതും. തുടർന്ന് നാട്ടുകാരുമായും വീട്ടുകാരുമായും അധികം ബന്ധമാെന്നുമുണ്ടായിരുന്നില്ല.

ഭഗത് സിങ്ങിന്റെ ആശയങ്ങളില്‍ നിന്നാണ് പ്രതി പ്രചോദനം ഉള്‍ക്കൊണ്ടത്. പാര്‍ലമെന്റിന് പുറത്ത് കൂട്ടുപ്രതികള്‍ പുകയാക്രമണം നടത്തി പ്രതിഷേധിക്കുമ്പോള്‍ ലളിത് ഝാ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് മീഡിയ കവറേജ് ലഭിക്കുന്നതിന് കൊല്‍ക്കത്ത ആസ്ഥാനമായുള്ള എന്‍ജിഒയുടെ സ്ഥാപകന് ദൃശ്യങ്ങള്‍ അയച്ചു കൊടുത്തതായും പൊലീസ് പറയുന്നു.