
ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ തെളിവുകൾ ശേഖരിക്കുന്നതിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ടി ഡി സുനിൽ കുമാർ പറഞ്ഞു. ഫോറൻസിക് വിദഗ്ദ്ധരടക്കം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
'അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടില്ലെന്ന് 100ശതമാനം ഉറപ്പിച്ച് പറയാനാകും. അർജുൻ പ്രതിയെന്ന് തന്നെയാണ് 100ശതമാനം നിഗമനവും. വിധിയിലെ മറ്റുകാര്യങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. വിധിക്കെതിരെ അപ്പീൽ നൽകും. കുട്ടി മരിച്ച അന്ന് രാത്രിതന്നെ ക്വാട്ടേഴ്സിലെത്തിയിരുന്നു. തുടർന്ന് സ്ഥലം സീൽ ചെയ്ത് സുരക്ഷിമാക്കി. അടുത്ത ദിവസം രാവിലെ എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കുകയായിരുന്നു. വിരൽ അടയാള വിദഗ്ദ്ധരും സയന്റിഫിക് വിദഗ്ദ്ധരും ഫോട്ടോഗ്രാഫറും ഒപ്പം ഉണ്ടായിരുന്നു. കേസിൽ തുടർനടപടികൾ തീരുമാനിക്കുന്നതിനായി പ്രൊസിക്യൂട്ടറുമായി കൂടിക്കാഴ്ച നടത്തി.'- ടി ഡി സുനിൽ കുമാർ പറഞ്ഞു.
അതേസമയം, വിധി അംഗീകരിക്കാനാകില്ലെന്ന് കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രതിഭാഗം വാദിച്ചത് മാത്രമാണ് കോടതി കേട്ടതെന്നും ഉടൻ അപ്പീൽ നൽകുമെന്നും പിതാവ് വ്യക്തമാക്കി. എസ് സി - എസ് ടി അട്രോസിറ്റീസ് വകുപ്പ് ചുമത്തുന്നതിൽ പൊലീസിന് വീഴ്പ പറ്റിയെന്നും കുടുംബം പ്രതികരിച്ചു. എസ് സി- എസ് ടി ആക്ട് ചുമത്തിയാൽ കേസ് ഡി വൈ എസ് പിയാണ് അന്വേഷിക്കേണ്ടത്. ഇതൊഴിവാക്കാനാണ് വകുപ്പ് ചുമത്താതിരുന്നതെന്നും കുടുംബം ആരോപിച്ചു.