sbi

കൊച്ചി: വിവിധ കാലാവധിയുള്ള സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ(എസ്.ബി.ഐ) ഭവന, വാഹന വായ്പകളുടെ പലിശ വീണ്ടും കൂടിയേക്കും. മാർജിനൽ കോസ്റ്റ് അധിഷ്ഠിതമായുള്ള വായ്പാ നിരക്കിൽ എസ് ബി.ഐ ഇന്നലെ 0.05 ശതമാനം മുതൽ 0.1 ശതമാനം വരെ വർദ്ധന പ്രഖ്യാപിച്ചതോടെയാണ് ഉപഭോക്താക്കളുടെ പ്രതിമാസ തിരിച്ചടവ് തുക(ഇ.എം.ഐ) കൂടുന്നത്. ഡിസംബർ എട്ടിന് നടന്ന റിസർവ് ബാങ്കിന്റെ ധന അവലോകന യോഗത്തിൽ മുഖ്യ നിരക്കായ റിപ്പോ 6.5 ശതമാനമായി നിലനിറുത്താൻ തീരുമാനിച്ചിരുന്നു. ഇതോടെ വിപണിയിൽ പണലഭ്യത കുറഞ്ഞതാണ് പലിശ ഉയർത്താൻ ബാങ്കിനെ നിർബന്ധിതരാക്കിയത്.

അതേസമയം അടുത്ത വർഷം പലിശ കുറയുമെന്നാണ് ലോകത്തിലെ പ്രമുഖ കേന്ദ്ര ബാങ്കുകൾ ചൂണ്ടിക്കാട്ടുന്നത്. ആഗോള വിപണിയിലെ ചലനങ്ങളുടെ ചുവടു പിടിച്ച് അടുത്ത വർഷം ജൂണിന് മുൻപായി ഇന്ത്യയിലും പലിശ കുറയുമെന്ന് ബാങ്കിംഗ് രംഗത്തുള്ളവർ പറയുന്നു.

സാമ്പത്തിക മേഖല മികച്ച വളർച്ച നേടുന്നതിനാൽ പലിശ കുറച്ച് നാണയപ്പെരുപ്പ ഭീഷണി സൃഷ്ടിക്കാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും തയ്യാറല്ല.