
ചെന്നൈ: നവകേരള സദസിന്റെ മാതൃകയിൽ പുതിയ ജനസമ്പർക്ക പരിപാടി നടപ്പിലാക്കാൻ തമിഴ്നാട് സർക്കാർ. ‘മക്കളുടൻ മുതൽവർ ‘എന്ന പദ്ധതി അടുത്ത തിങ്കളാഴ്ച കോയമ്പത്തൂരിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. ഡിസംബർ പതിനെട്ടുമുതൽ ജനുവരി ആറുവരെയാണ് പരാതി പരിഹാര യോഗങ്ങൾ നടക്കുക.
തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ഇവ സംഘടിപ്പിക്കുന്നത്. ജില്ലകളുടെ മേൽനോട്ടച്ചുമതല ഓരോ മന്ത്രിമാരെയാണ് ഏൽപ്പിച്ചിരിക്കുന്നത്. വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥർ യോഗങ്ങളിൽ പങ്കെടുക്കും. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് കഴിവതും വേഗം പരിഹാരമുണ്ടാക്കുകയാണ് ലക്ഷ്യം. പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചപോലുള്ളവ തമിഴ്നാട്ടിലെ ജനസമ്പർക്ക പരിപാടിയിലും ഉണ്ടാകുമോ എന്ന് വ്യക്തമല്ല. മുഖ്യമന്ത്രി ഓരോജില്ലകളിലും പരിശോധന നടത്തുന്ന പദ്ധതി ഇപ്പോൾ സംസ്ഥാനത്ത് നിലവിലുണ്ട്.
അതേസമയം, കേരളത്തിൽ നവകേരള സദസ് നടക്കുന്ന കായംകുളത്തെ ഇറച്ചിക്കടകൾ അടച്ചിടണമെന്ന നിർദ്ദേശം വിവാദത്തിലായി. നവകേരള സദസ് നടക്കുന്ന വേദിക്ക് സമീപത്തെ ഇറച്ചി മാർക്കറ്റിലെ കടകളുടെ മുൻവശം അടച്ചുമൂടുകയോ കട പൂർണമായും അടച്ചിടുകയോ വേണമെന്ന് കഴിഞ്ഞ ദിവസം പൊലീസ് നിർദ്ദേശം നൽകിയതായാണ് വ്യാപാരികളുടെ ആരോപണം. എന്നാൽ പൊലീസ് ഇത് നിഷേധിച്ചു.
പരിപാടി സ്ഥലവും കരിപ്പുഴ തോടും കഴിഞ്ഞാണ് ഇറച്ചി മാർക്കറ്റ് എന്നിരിക്കെ കട അടയ്ക്കാനുള്ള നിർദ്ദേശം ഇറച്ചി വ്യാപാരത്തെ ആശ്രയിച്ച് ജീവിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളുടെ ഉപജീവനത്തെ തടസ്സപ്പെടുത്തുന്നതാണെന്ന് യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ എ.എം. കബീർ ആരോപിച്ചു.