india

ന്യൂഡൽഹി: പാർലമെന്റിൽ ഉണ്ടായ സുരക്ഷ വീഴ്ചയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് നടുത്തളത്തിൽ അദ്ധ്യക്ഷന്റെ ഇരിപ്പിടത്തിന് സമീപം പ്രതിഷേധിച്ചതിന് സസ്‌പെൻഷനിലായ എംപിമാർ ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ പ്രതിഷേധം നടത്തി. പ്ളക്കാർഡുമായി കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരടക്കമാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.

കഴിഞ്ഞ ദിവസമാണ് ആറ് മലയാളികൾ അടക്കം 14 എം.പിമാരെ സസ്‌പെൻഡ് ചെയ്തത്. സസ്‌പെൻഡ് ചെയ്തിട്ടും സഭയിൽ തുടർന്ന രാജ്യസഭാ എം.പി ഡെറിക് ഒബ്രയ്‌നെതിരെ കൂടുതൽ നടപടിക്ക് പ്രിവിലേജ് കമ്മിറ്റിക്ക് ശുപാർശ ചെയ്തിരുന്നു.

ലോക്സഭയിലെ ബെന്നി ബഹനാൻ, വികെ. ശ്രീകണ്ഠൻ, ടിഎൻ പ്രതാപൻ, ഹൈബി ഈഡൻ, രമ്യ ഹരിദാസ്, ഡീൻ കുര്യാക്കോസ്, എസ് ജോതിമണി, മാണിക്കം ടാഗോർ, മുഹമ്മദ് ജാവേദ് (കോൺഗ്രസ്), പിആർ നടരാജൻ, എസ് വെങ്കിടേശൻ (സിപിഎം തമിഴ്നാട്), കനിമൊഴി (ഡിഎംകെ), കെ സുബ്ബരായ്യൻ (സിപിഐ തമിഴ്നാട്), രാജ്യസഭയിൽ നിന്ന് ഡെറിക് ഒബ്രെയ്‌നെയുമാണ് (തൃണമൂൽ) സസ്‌പെൻഡ് ചെയ്തത്. സഭയിൽ ഇല്ലാത്ത ഡിഎംകെ എംപി എസ്ആർ പാർത്ഥിപന്റെ പേരും പ്രൾഹാദ് ജോഷി പുറത്താക്കൽ പ്രമേയത്തിൽ പറഞ്ഞിരുന്നു. പിഴവ് മനസിലാക്കി പിന്നീട് തിരുത്തി.

രാവിലെ 11ന് ലോക്‌സഭ സമ്മേളിച്ചയുടൻ പ്രതിപക്ഷം ആഭ്യന്തര മന്ത്രി പ്രസ്‌താവന നടത്തണമെന്നും ബിജെപി എംപി പ്രതാപ് സിംഹയുടെ ഓഫീസ് പ്രതികൾക്ക് പാസ് നൽകിയത് എങ്ങനയെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പ്ളക്കാർഡുമേന്തി മുദ്രാവാക്യം വിളി തുടങ്ങി. സഭയിൽ പ്രധാനമന്ത്രിയും മന്ത്രി അമിത് ഷായും ഇല്ലായിരുന്നു. ഇരുവരും സഭയിയിലെത്താൻ ആവശ്യപ്പെട്ട് എംപിമാർ നടുത്തളത്തിലിറങ്ങി. ടിഎൻ പ്രതാപനും ആർഎൽപി എംപി ഹനുമാൻ ബേനിവാളും സ്‌പീക്കറുടെ മേശമേൽ ശക്തിയായി ഇടിച്ചു. പ്രതിഷേധിച്ച എംപിമാരോട് പിൻവാങ്ങാൻ സ്‌പീക്കർ ഓം ബിർള ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് 2 മണി വരെ പിരിഞ്ഞു.

രണ്ടുമണിക്ക് വീണ്ടും ചേർന്നപ്പോഴാണ് നടുത്തളത്തിലിറങ്ങിയതിന്റെ പേരിൽ ടിഎൻ. പ്രതാപൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ജോതിമണി (തമിഴ്നാട്) എന്നിവരെ സസ്‌പെൻഡ് ചെയ്‌തത്. രാജസ്ഥാനിൽ നിന്ന് നിയമസഭയിലേക്ക് ജയിച്ച ഹനുമാൻ ബേനിവാൾ ഇന്ന് എംപിസ്ഥാനം രാജിവയ്‌ക്കുന്നതിനാൽ സസ്‌പെൻഷൻ ഒഴിവായി.