
അബുദാബി: ഇന്ത്യയിൽ നിന്നുള്ള ഉള്ളി കയറ്റുമതി കേന്ദ്ര സർക്കാർ നിരോധിച്ചതിന് പിന്നാലെ കനത്ത പ്രതിസന്ധിയിലാണ് യുഎഇ. രാജ്യത്ത് ഉള്ളിവില കുതിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സാധാരണ വിലയിൽ നിന്ന് ആറിരട്ടിയാണ് ഉള്ളിവില ഉയർന്നത്. അതിനാൽതന്നെ ബദൽ മാർഗങ്ങൾ തേടുകയാണ് യുഎഇയിലെ ചെറുകിട കച്ചവടക്കാർ.
തുർക്കി, ഇറാൻ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നും ഉള്ളി എത്തുന്നുണ്ടെങ്കിലും അളവ്, ഗുണമേന്മ, വില എന്നീ കാര്യങ്ങളിൽ ഇന്ത്യൻ ഉള്ളിയാണ് മികച്ചതെന്ന് സാഹിറിലെ എഫ് എം സി ജി ഡയറക്‌ടർ അശോക് തുൽസ്യാനി പറയുന്നു. കൂടുതൽ ഉപഭോക്താക്കളും ഇന്ത്യയിൽ നിന്നുള്ള ഉള്ളിയാണ് ആവശ്യപ്പെടുന്നത്. മറ്റൊരു രാജ്യത്തിനും ഇന്ത്യൻ ഉത്പന്നത്തിനോളം എത്താൻ സാധിക്കുന്നില്ലെന്നും തുൽസ്യാനി കൂട്ടിച്ചേർത്തു.
ഉള്ളിവില കിലോയ്ക്ക് 80 രൂപവരെ എത്തിയതോടെയാണ് ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയ്ക്ക് കേന്ദ്രം നിരോധനം ഏർപ്പെടുത്തിയത്. 2024 മാർച്ച് 31 വരെയാണ് കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വിളനാശമുണ്ടായതിന് പിന്നാലെ വിപണിയിൽ ഉള്ളി വില കുതിച്ചുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ നടപടി. ഗൾഫ് രാജ്യങ്ങളിലും മറ്റ് അയൽരാജ്യങ്ങളിലും ഇന്ത്യയിൽ നിന്നുള്ള ഉള്ളിയാണ് കൂടുതലായും എത്തിക്കൊണ്ടിരുന്നത്.
ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയതോടെ യുഎഇയിലേയ്ക്കുള്ള ഉള്ളി കയറ്റുമതിക്കായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരികയാണെന്ന് അൽ മായാ ഗ്രൂപ്പ് ഡയറക്‌ടർ കമൽ വചാനി പറഞ്ഞു. നിലവിൽ ഈജിപ്‌തിൽ നിന്നും തുർക്കിയിൽ നിന്നുമാണ് യുഎഇ മാർക്കറ്റുകളിലേയ്ക്ക് ഏറെയും ഉള്ളി എത്തിക്കുന്നതെന്നും വചാനി കൂട്ടിച്ചേർത്തു.