
കൊല്ലം: മരുമകൾ കാട്ടിയ ക്രൂരത വെളിപ്പെടുത്തി തേവലക്കരയിൽ മർദനത്തിന് വിധേയയായ ഏലിയാമ്മ. ഒരു കാരണവുമില്ലാതെയാണ് മരുമകൾ തന്നെ മർദിക്കുന്നതെന്നും ഇറങ്ങിപ്പോകാനായി നിരന്തരം ആവശ്യപ്പെടുമെന്നും ഏലിയാമ്മ പറഞ്ഞു.
'എന്റെ മുഖത്തടിക്കും, പുറത്തടിക്കും, മകനെയും ഉപദ്രവിക്കും. എന്നെ സ്ഥിരമായി മർദിക്കാറുണ്ട്. ഇരുമ്പ് കമ്പികൊണ്ട് തലയ്‌ക്ക് അടിക്കും. തലമുടി ചുറ്റിപ്പിടിച്ച് എന്നെ താഴേക്ക് ഇടും. കുഞ്ഞുങ്ങളെ ഓർത്താണ് ഒന്നും പറയാത്തത്. നിലവിളക്ക് കൊണ്ട് മകനെ ഉപദ്രവിച്ചിട്ടുണ്ട്. ഓർമയുളളതെല്ലാം ഞാൻ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. എനിക്ക് വൃത്തി ഇല്ല എന്ന് പറഞ്ഞ് മുറിയിൽ നിന്ന് പുറത്തിറങ്ങാനോ അടുക്കളയിൽ പോകാനോ സമ്മതിക്കില്ല. മരുമകൾ സ്കൂളിൽ പോകുമ്പോഴാണ് ഞാൻ വെളിയിൽ ഇറങ്ങുന്നത്. ജോലിക്കാരി ചോറ് കൊണ്ടുവരും. കുഞ്ഞുങ്ങളെ എന്റെ അടുത്ത് വരാൻ സമ്മതിക്കില്ല. കുഞ്ഞുങ്ങൾ കൂടി ചീത്തയായി പോകുമെന്നാണ് പറയുന്നത്. '- ഏലിയാമ്മ പറഞ്ഞു.
കൊല്ലം തേവലക്കര നടുവിലക്കരയിൽ ഒരു വർഷം മുമ്പ് നടന്ന ഉപദ്രവത്തിന്റെ ദൃശ്യങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എൺപതുവയസുകാരിയായ ഏലിയാമ്മയെ മരുമകൾ മർദിക്കുന്നതിനൊപ്പം വഴക്കുപറയുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. ഒരു പുരുഷനാണ് വീഡിയോ പകർത്തിയത്. കസേരയിലിരിക്കുന്ന വയോധികയോട് എഴുന്നേറ്റുപോകാൻ സ്ത്രീ ആവശ്യപ്പെടുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. തുടർന്ന് വയോധികയെ കസേരയിൽ നിന്ന് തള്ളിയിടുന്നു. കുറച്ച് മിനിട്ടുകൾക്ക് ശേഷം വൃദ്ധ എഴുന്നേറ്റിരിക്കുന്നു. എഴുന്നേറ്റ് നിൽക്കാൻ തന്നെയൊന്ന് സഹായിക്കണമെന്ന് വയോധിക വീഡിയോയെടുക്കുന്നയാളോട് പറയുന്നുണ്ട്. നിങ്ങളുടെ വീടല്ലേ, പിന്നെന്തിന് എഴുന്നേറ്റ് പോകണമെന്ന് ഈ വ്യക്തി ചോദിക്കുന്നു. വഴക്ക് ഒഴിവാക്കാനെന്നായിരുന്നു വയോധികയുടെ മറുപടി.