cctv

മുംബയ്: 21കാരനായ പ്രമുഖ യൂട്യൂബറുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ അജ്ഞാതർ ഹാക്ക് ചെയ്തതായി പരാതി. വീഡിയോ ചോർത്തിയ അജ്ഞാതർ തന്റെയും കുടുംബാംഗങ്ങളുടെയും നഗ്ന ദൃശ്യങ്ങൾ തിരഞ്ഞെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നെന്നും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ബാന്ദ്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

താൻ അറിയാതെ തന്റെ സിസിടിവിയുടെ നിയന്ത്രണം ആരോ കൈക്കലാക്കിയിട്ടുണ്ടെന്നും നഗ്ന വീഡിയോകൾ ടെലഗ്രാം, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നുണ്ടെന്ന് യുവാവിന്റെ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യാനുള്ള നടപടികൾ പൊലീസ് സ്വീകരിച്ചിട്ടുണ്ട്.

തന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കാര്യം ഒരു സുഹൃത്താണ് അറിയിച്ചത്. മുറിയിൽ നിന്ന് വസ്ത്രം മാറുന്നതടക്കമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. ദൃശ്യങ്ങൾ ആരാണ് ചോർത്തിയതെന്ന കാര്യത്തിൽ യുവാവിന് വ്യക്തതയില്ല. സൈബർ പൊലീസുമായി ചേർന്ന് വിശദമായ അന്വേഷണത്തിനാണ് പൊലീസ് ഒരുങ്ങുന്നത്. ദൃശ്യങ്ങളിൽ അമ്മയും സഹോദരിയുമാണെന്ന് സുഹൃത്തുക്കൾ തിരിച്ചറിഞ്ഞതോടെ ഇത് വീട്ടിൽ നിന്നാണെന്ന് ഉറപ്പിച്ചെന്നും യുവാവ് പറയുന്നു.

തന്നെയും വീടിനെയും കുറിച്ച് അറിയുന്ന ആരോ ആണ് ഇതിന് പിന്നിലെന്ന് യുവാവ് സംശയിക്കുന്നു. വീഡിയോ വൈറലായതോടെ യുവാവിനെ അറിയുന്നവർ ശരിക്കും ഞെട്ടി. പലരും ഇക്കാര്യം യുവാവിനെ അറിയിച്ചെന്നാണ് വിവരം. അടുത്തിടെ പാകിസ്ഥാനി യൂട്യൂബറായ അലിസർ, പഞ്ചാബി യൂട്യൂബർ ഗുൻഗുൺ ഗുപ്ത, ബംഗ്ലാദേശ് യൂട്യൂബർ ജെന്നത് ടോഗ എന്നിവരുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.