hair

ചിക്കൻ കറിയിലും മറ്റും മല്ലിയിലയിട്ട് കഴിക്കുന്നത് വളരെ നല്ലതാണെന്ന് നമുക്കെല്ലാമറിയാം. കേശ സംരക്ഷണത്തിന് മല്ലിയില നല്ലൊരു ഔഷധമാണെന്ന് മിക്കയാളുകൾക്കും അറിയില്ല. വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയുടെ കലവറയാണ് മല്ലിയില. ഇവ രണ്ടും മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഉത്തമമാണ്.

മുടികൊഴിച്ചിൽ അകറ്റാൻ സഹായിക്കുന്നുവെന്നതാണ് മല്ലിയിലയുടെ ഏറ്റവും വലിയൊരു ഗുണം. പതിവായി മല്ലിയില തലയിൽ തേക്കുന്നതിലൂടെ മുടിക്ക് കട്ടികൂടും. കേശ സംരക്ഷണത്തിനായി മല്ലിയില പല രീതിയിൽ ഉപയോഗിക്കാം.

മല്ലിയില അരച്ചെടുത്ത് അതിൽ യോഗേർട്ട് ചേർത്ത് നന്നായി യോജിപ്പിക്കുക. തലയിൽ തേച്ച് മുപ്പത് മിനിട്ടിന് ശേഷം വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് കഴുകിക്കളയുക എന്നതാണ് ആദ്യ വഴി. മല്ലിയില കുറച്ച് ദിവസം വെളിച്ചെണ്ണയിലോ, ഒലീവ് ഓയിലിലോ കുതിർത്തുവയ്ക്കുക. ഈ എണ്ണ ഉപയോഗിച്ച് പതിവായി തലയോട്ടിയിൽ തേച്ച് നന്നായി മസാജ് ചെയ്യുകയെന്നതാണ് രണ്ടാമത്തെ വഴി.

ഒരു പിടി മല്ലിയില വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. ശേഷം തണുക്കാനായി മാറ്റിവയ്ക്കുക. ഷാംപു ഇട്ട് കഴുകിയതിന് ശേഷം ഈ വെള്ളം ഉപയോഗിച്ച് തല കഴുകാം. ഇത് മുടിക്ക് തിളക്കവും സുഗന്ധവും നൽകുന്നു. താരനെ അകറ്റാനും മല്ലിയില അത്യുത്തമമാണ്. മല്ലിയില അരച്ചെടുത്ത് തലയിൽ തേക്കുക. അരമണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് കഴുകിക്കളയുക. പതിവായി ഇങ്ങനെ ചെയ്താൽ താരൻ അപ്രത്യക്ഷമാകും.


മല്ലിയില പോലെ തന്നെ കാരറ്റും മുടിയുടെ ആരോഗ്യത്തിന് അത്യുത്തമമാണ്. കാരറ്റ് പേസ്റ്റ് രൂപത്തിലാക്കി, തലയിൽ തേക്കുകയാണ് വേണ്ടത്. ഇതിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ശിരോചർമത്തിൽ നന്നായി തേച്ചുപിടിപ്പിക്കുക. പതിവായി ഇങ്ങനെ ചെയ്താൽ താരനെ അകറ്റാൻ സാധിക്കും. മാത്രമല്ല, തിളക്കമുള്ളവും ബലവുമുള്ള മുടിയും സ്വന്തമാക്കാം. കാരറ്റ് ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണപ്രദമാണ്.

അകാലനരയെ തടുക്കാനും മുടി കൊഴിച്ചിൽ തടയാനും സഹായിക്കുന്ന മറ്റൊരു ജ്യൂസാണ് സവാളയുടേത്. സവാള നീര് അഥവാ ജ്യൂസ് ശിരോചർമത്തിൽ നന്നായി തേച്ചുപിടിപ്പിക്കുകയാണ് വേണ്ടത്. അരമണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് കഴുകിക്കളയാം. താരനെയും പേനിനെയുമൊക്കെ അകറ്റാനും ഇവ ഫലപ്രദമാണ്.