rain

തിരുവനന്തപുരം: ഒരു ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. നാളെയും, മറ്റന്നാളും സംസ്ഥാനത്ത് അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.


മറ്റന്നാൾ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പ് നല്‍കിയത്. ഇവിടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇതിന് പുറമേ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ഉണ്ടാകുമെന്ന പ്രവചനവും ഉണ്ട്.

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും തീവ്ര മഴ ഉണ്ടാകുമെന്നാണ് പ്രവചിക്കുന്നത്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി രൂപംകൊണ്ട ന്യൂനമർദ്ദമാണ് കേരളത്തിലും തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മഴയ്ക്ക് കാരണമാകുന്നത്.

നാൽപ്പത്തേഴ് വർഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയിൽ വ്യാപക കെടുതികളാണ് തമിഴ്‌നാട്ടിൽ എങ്ങും ഉണ്ടായത്. ഇതിന്റെ കെടുതികളിൽ നിന്ന് സംസ്ഥാനം കരകയറി വരുന്നതിനിടെയാണ് അതിശക്ത മഴ മുന്നറിയിപ്പ്.