
അടുത്തിടെ ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് തായ്‌ലൻഡും മലേഷ്യയും വിസ ഒഴിവാക്കിയിരുന്നു. 2024 മേയ് വരെയാണ് വിസയില്ലാതെ തന്നെ തായ്‌ലൻഡിലേയ്ക്ക് പോകാൻ ഇന്ത്യക്കാർക്ക് അവസരം ഒരുക്കിയിരിക്കുന്നത്. തായ്‌വാനിൽ നിന്നുള്ളവർക്കും ഈ അവസരം ഉപയോഗിക്കാമെന്ന് തായ്‌ലൻഡിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു.
ഇന്ത്യയിൽ നിന്നും തായ്‌വാനിൽ നിന്നും എത്തുന്നവർക്ക് 30 ദിവസമാണ് തായ്‌ലൻഡിൽ ചെലവഴിക്കാൻ അനുമതിയുള്ളത്. തായ്‌ലൻഡിൽ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ നാലാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. 1.2 ദശലക്ഷം ആളുകളാണ് ഈ വർഷം മാത്രം ഇന്ത്യയിൽ നിന്ന് തായ്‌ലൻഡിൽ എത്തിയത്. മലേഷ്യ, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ക്രിസ്‌മസ്, പുതുവർഷ അവധിക്കാലം എത്തുന്നതിനാൽ ഈ വർഷം മാത്രം 28 ദശലക്ഷം സന്ദർശകരെയാണ് തായ്‌ലൻഡ് പ്രതീക്ഷിക്കുന്നത്.
തായ്‌ലൻഡ് വിസ ഒഴിവാക്കിയതിന് പിന്നാലെയാണ് മലേഷ്യയും വിസ ഒഴിവാക്കിയത്. ഡിസംബർ ഒന്നു മുതൽ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് വിസയില്ലാതെ 30 ദിവസം തങ്ങാൻ അനുമതി നൽകുമെന്ന് മലേഷ്യയുടെ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പറഞ്ഞതായി ബ്ളൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ നിന്നുള്ളവർക്ക് സെക്യൂരിറ്റി സ്ക്രീനിംഗ് മാത്രം മതിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനയിൽ നിന്നുള്ള സഞ്ചാരികൾക്കും ഈ സൗകര്യം ലഭ്യമാകും. വിനോദ സഞ്ചാര മേഖലയിൽ മികച്ച വളർച്ച നേടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം.
ഇപ്പോഴിതാ ആഫ്രിക്കൻ രാജ്യമായ കെനിയയും വിസ ഒഴിവാക്കിയിരിക്കുകയാണ്. ലോകത്തിന്റെ എല്ലാ കോണിൽ നിന്നുമുള്ള സന്ദർശകർക്കും ഇനി വിസയുടെ ആവശ്യമില്ലാതെ കെനിയയിലെത്താം. ജനുവരി മുതൽ നിയമം പ്രാബല്യത്തിൽ വരും. പ്രസിഡന്റ് വില്യം റൂട്ടോയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി വിദേശികള്‍ക്ക് പ്രവേശനം അനുവദിക്കും. പുതിയ തീരുമാനത്തിലൂടെ രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികളിൽ ഗണ്യമായ ഉയർച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷ. മാസായി മാരാ, അംബോസലി, സാവോ തുടങ്ങി ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും പ്രശസ്തമായ വന്യജീവി സങ്കേതങ്ങൾ കെനിയയിലാണ്.